Thursday 6 June 2013

സര്‍ വില്‍ഫ്രെഡ് സ്ക്ലിനോയി തീവണ്ടിയാപ്പീസ്!!


കൊല്ലവര്‍ഷം 952 -ആം ആണ്ട് , ചിങ്ങം 6 !!!!

വില്‍ഫ്രെഡ് പെരേര സ്ക്ലിനോയി സായിപ്പ്  പട്ടാമ്പി കടപ്പുറത്ത് ആദ്യമായി കാലുകുത്തി!!!


വൃദ്ധയായ മാതാവിന് പനി പിടിച്ചതിനാല്‍ ഇത്തിരി കുരുമുളക് വാങ്ങാന്‍ വന്നതാണ് അദ്ദേഹം!!!


[[ കുരുമുളക് വിസ്കിയില്‍ ഇട്ടു ഒരു പിടി പിടിച്ചാല്‍ പനി  ചെക്കോസ്ലോവാക്യ കടക്കും എന്ന് വാസ്ക്കോഡ ഗാമ ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞിരുന്നത്രേ!!! ]]

അന്നും കേരളത്തിന്റെ ഗതാഗത സംവിധാനങ്ങള്‍ അത്ര പുരോഗമിചിട്ടില്ലായിരുന്നു!! കുരുമുളക് കിട്ടണമെങ്കില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി വരെ പോകണം!!


കടല്‍ മാര്‍ഗം പോകാന്‍ ആണെങ്കില്‍ ആലപ്പുഴ കഴിഞ്ഞാ പിന്നെ കടലില്ല!!!


കാള വണ്ടിക്ക് അങ്ങെത്തുംപോഴേക്കും സ്പെയിനില്‍ പനി പിടിച്ചിരിക്കുന്ന മാതാവിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും!!


അദ്ദേഹം അന്ന് പട്ടാമ്പി ഭരിച്ചിരുന്ന ചേര രാജാവ് സോമന്‍ പിള്ളയെ പോയി കണ്ടു... സങ്കടമുണര്‍ത്തിച്ചു!!


വില്‍ഫ്രെഡിന്‍റെ മാതൃ സ്നേഹം കണ്ടു മനസ്സലിഞ്ഞ രാജാവ് സ്വന്തം കൊട്ടാരത്തില്‍ രാജ്ഞിക്ക് പനിവരുമ്പോള്‍ ഉപയോഗിക്കാന്‍ വച്ചിരുന്ന കുരുമുളക് എടുത്തു കൊടുക്കുകയും വില്‍ഫ്രെഡ് അടുത്ത കപ്പലില്‍ തന്നെ സ്പെയിനിലേക്ക് തിരിക്കുകയും  മാതാവിന്റെ പനി മാറ്റുകയും ചെയ്തതായി   ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു!!!


ഈ സംഭവം സ്പെയിനിലാകെ സന്തോഷ്‌ പണ്ടിട്ടിന്റെ പാട്ട് പോലെ പടര്‍ന്നു പിടിച്ചു!!

കേട്ടവര്‍ കേട്ടവര്‍ ആ അത്ഭുത വസ്തു [കുരുമുളക് -മെയിഡ് ഇന്‍ റാന്നി ] കാണാന്‍ വില്ഫ്രെഡിന്‍റെ വീട്ടില്‍ വരുകയും കൂട്ടത്തില്‍ സോമന്‍ രാജാവിന്റെ വിശാലമനസ്കതയെ പറ്റി കേട്ട് അത്ഭുത പരതന്ത്രര്‍ ആവുകയും ചെയ്തു!!!


കണ്ടവര്‍ കണ്ടവര്‍  വില്‍ഫ്രെഡിനോട് പറഞ്ഞു :


" ഡ്യൂട് , സോമന്‍ കിംഗ്‌ ഈസ്‌ എ വെരി ഗുഡ് പേര്‍സണ്‍ . ഇഫ്‌ ഹീ ഡിടിന്റ് ഗീവ് കുരുമുളക് , യുവര്‍ മദര്‍ വില്‍ ബീ ഇന്‍ ഹെല്‍ നൌ!

സോ ,യൂ ഹാവ് റ്റു  ടു സംതിംഗ് ഫോര്‍ ഹിസ്‌ കണ്ട്രി!! "


വില്‍ഫ്രെഡിനു ഉറക്കമില്ലാതെ ആയി !!


രാവും പകലും ചിന്തിച്ചു ചിന്തിച്ചു  അവസാനം എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു വീണ്ടും പട്ടാമ്പിയിലേക്ക് കപ്പല് കയറി!!


രാജ കൊട്ടാരത്തില്‍ എത്തി സോമന്‍ രാജനെ മുഖം കാണിച്ചു!!

തന്റെ മാതാവിന്റെ ജീവന്‍ രക്ഷിച്ചത് അങ്ങാണെന്നും ഇതിനു പ്രത്യുപകാരം ചെയ്തില്ലെങ്കില്‍  തനിക്ക് സമാധാനം കിട്ടില്ലെന്നും ഒക്കെ പറഞ്ഞു  ഒരു A3 പേപ്പറില്‍ വരച്ച ഒരു പ്ലാന്‍ തിരുസന്നിധിയില്‍ വച്ചു!!!


പഴേ പോളിടെക്നിക്കായ രാജാവിന് അതെന്താണെന്നു മനസ്സിലാക്കാന്‍ അധികം സമയം ഒന്നുമെടുത്തില്ല!!!


പട്ടാമ്പി മുതല്‍ തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന ഒരു റെയില്‍വേ ലൈന്‍!!! :)


റാന്നി ഭാഗത്ത്‌ ഭാവിയില്‍ ആറന്മുള വിമാനതാവളം വരുന്നത് മുന്‍കൂട്ടി കണ്ടു കൊണ്ടാണെന്ന് തോന്നുന്നു.....വില്‍ഫ്രെഡ് തന്റെ പ്ലാനില്‍ പത്തനംതിട്ട ജില്ലയിലെ സ്റ്റേഷന്‍ തിരുവല്ലാ ഭാഗത്താണ് അടയാളപ്പെടുത്തിയിരുന്നത്!!   റാന്നിയില്‍ കുരുമുളക് വാങ്ങാന്‍ പോകുന്നവര്‍ക്ക് "തിരുവല്ല" സ്റ്റേഷനില്‍ ഇറങ്ങി പമ്പയാര്‍ വഴി ബോട്ടിന് പോകാനുള്ള പ്രത്യേക സ്കെച്ചും അതില്‍ ഉണ്ടായിരുന്നു!!


രാജാവിന്റെ മനസ്സു നിറഞ്ഞു...  കൊട്ടാരത്തിലെ കുരുമുളക് ദാരിദ്ര്യം തീരാന്‍ പോകുന്നു....മലയാള നാടിന്റെ ഇങ്ങേ  അറ്റം മുതല്‍ അങ്ങേ  അറ്റം വരെ തീവണ്ടി ഓടാന്‍ തുടങ്ങുന്നു!!!  ഇത് സ്വപ്നമോ സത്യമോ!!!


പാളം പണിയാനാവശ്യമായ ഇരുമ്പ് ചൈനയില്‍ നിന്നും ആവശ്യമായ കരിങ്കല്ല് കഷ്ണങ്ങള്‍ ഹിമാലയത്തില്‍ നിന്നും പൊട്ടിചെടുക്കാമെന്നും മന്ത്രി പുംഗവന്‍ രമേശ്‌ പി.പി  അറിയിച്ചപ്പോ പിന്നെ രാജാവൊന്നും നോക്കിയില്ല ....കുറച്ചു തമിഴന്മാരേം ഇത്തിരി ബംഗാളികളേയും വിളിച്ചു പണി തുടങ്ങി!!!


പണി അതിവേഗം ബഹുദൂരം പുരോഗമിക്കവേ......വില്‍ഫ്രെഡ് തന്‍റെ മനസ്സില്‍ അടക്കി വെച്ചിരുന്ന ആഗ്രഹം ഇത്തിരി ചമ്മലോടെ രാജാവിനോട് പറഞ്ഞു!!


അല്ലയോ സോമന്‍ രാജന്‍ ,


ഞാന്‍ ആദ്യമായി മലയാള നാട്ടില്‍ കാലുകുത്തിയ സ്ഥലം പട്ടാമ്പിയാണ്...

അതുകൊണ്ട്  കേരളത്തിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷനും പട്ടാമ്പിയില്‍ തന്നെ വേണം...അങ്ങ് എതിരൊന്നും പറയരുത് .. :)


വില്‍ഫ്രെഡ് മലയാള നാടിനു ചെയ്ത ഈ നല്ല കാര്യത്തെ ഓര്‍ത്തു രാജാവ് മറ്റൊന്നും നോക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുകയും ആ സ്റ്റേഷന്           " സര്‍ വില്‍ഫ്രെഡ് സ്ക്ളിനോയി തീവണ്ടിയാപ്പീസ്" എന്ന് പേര് നല്‍ക്കുകയും ചെയ്തു!!!

അങ്ങനെ ആണത്രേ  പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്!!! 







:P  :P  :P  :P

~Li Bi ~

Sunday 2 June 2013

ശുക്രാന്‍ !!!!!

 

വെള്ളിയാഴ്ച്ച

ആഴ്ച്ചയില്‍ ആകെപ്പാടെ കിട്ടുന്ന ഒരു അവധി.... അത് സാദാ  പ്രവാസികളെപ്പോലെ അല്‍പ്പ സ്വല്‍പ്പം കറക്കവും ഷോപ്പിങ്ങും ഒക്കെയായി ഞങ്ങളും കഴിച്ചു കൂട്ടുന്നു..... ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും സുഹൃത്ത് അനസും!!!

ഇത് ഒരു വെള്ളിയാഴ്ച്ചയുടെ കഥയാണ്‌...എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ടുള്ള വെള്ളിയാഴ്ചയുടെ കഥ!!!! 


24/05/2013


പതിവുപോലെ ഷോപ്പിങ്ങും കറക്കവും എല്ലാം കഴിഞ്ഞപ്പോള്‍  സമയം രാത്രി പത്തു മണി!!

 പകല്‍ മുഴുവന്‍ വണ്ടി ഓടിച്ചു ക്ഷീണിതനായ അനുവിന് ചെറിയ ഒരു ആശ്വാസം കൊടുക്കാന്‍ വണ്ടി ഞാന്‍ ഡ്രൈവ് ചെയ്യുന്നു!!

 

ദമ്മാം സിറ്റിയില്‍ നിന്ന് ഏകദേശം ഇരുപതു കിലോമീറ്റര്‍ ദൂരമേ വീട്ടിലെക്കുള്ളൂ.  ശ്രീശാന്തും കോഴയും ,രഞ്ജിനിയും ക്യൂവും മലയാളി ഹൌസും സദാചാരക്കാരും എന്ന് വേണ്ട കമ്പനി ഓണര്‍ അറബിക്ക്  ജോലിക്കാരോടുള്ള ചിറ്റമ്മ നയത്തെ വരെ ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് വരുന്നതിനാല്‍ ഹൈവേയില്‍ നിന്ന് വീട്ടിലേക്കു പോകാനുള്ള എക്സിറ്റ് വളരെ അടുത്തെത്തിയതിനു ശേഷമാണ് കണ്ടത്....സ്പീഡ് ട്രാക്കില്‍ നിന്ന് വന്ന അതെ വേഗതയില്‍ ഞാന്‍ എക്സിറ്റ് എടുത്തു. രണ്ടാമത്തെ ട്രാക്കില്‍ കൂടി ചീറി പാഞ്ഞു വന്നിരുന്ന ഒരു വണ്ടി സഡന്‍ ബ്രേക്കിട്ടു പാളി നില്‍ക്കുന്നതും അയാള്‍ എന്‍റെ പിന്നാലെ ചീത്ത വിളിച്ചുകൊണ്ട് വരുന്നതും കണ്ടു ഞാന്‍ അനുവിനോട് ചോദിച്ചു.

അളിയാ , എന്ത് ചെയ്യണം ?.

 

അനസ്  : ഒന്നും നോക്കണ്ട . കത്തിച്ചു വിട്ടോ .

 

കേള്‍ക്കേണ്ട താമസം മൈക്കേല്‍ ഷൂമാക്കറിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ അഞ്ചാമത്തെ ഗിയറില്‍ വണ്ടി പായിച്ചു.

ഫോളോ ചെയ്യുന്നവന്‍ വിട്ടു തരുന്നില്ല.... ലോക്കല്‍ റോഡിലൂടെ ഓട്ട മത്സരം ഇനിയും നടത്തിയാല്‍ വണ്ടി വല്ല  മരുഭൂമിയിലും കിടക്കും എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ മെല്ലെ വണ്ടി സൈഡാക്കി . പിന്നാലെ ഫോളോ ചെയ്ത വണ്ടിയും !!!

 

ഒരു ആജാനുബാഹുവായ സൗദി  വണ്ടിയില്‍ നിന്നിറങ്ങി എന്തൊക്കെയോ അലറി വിളിച്ചുകൊണ്ട് വരുന്നു.

ഞാനും അനുവും വണ്ടിയില്‍ നിന്നിറങ്ങി.

 

സോറി പറഞ്ഞാല്‍ അടി കിട്ടും എന്നുള്ള അവസ്ഥ. എങ്കിലും ഒരു സോറി പറഞ്ഞു തുടങ്ങി. ഭാഗ്യം അയാള്‍ അടിച്ചില്ല. പുള്ളിക്ക് എന്‍റെ ഇക്കാമയും (ഐ.ഡി കാര്‍ഡ്) ലൈസെന്‍സും കാണണം. ആള്‍ മിനിസ്ട്രി ജോലിക്കാരന്‍ ആണെന്നും പറഞ്ഞു ഒരു ഐ.ഡി കാര്‍ഡും കാണിച്ചു. എന്‍റെ സകല ഗ്യാസും പോയി. ലൈസെന്‍സ് ഇല്ലാതെ ആണ് വണ്ടി ഓടിച്ചതെന്നു ഈ കാലമാടനോട് ഞാന്‍ എങ്ങനെ പറയും. ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.... ഫ്രണ്ടിനു  സുഖമില്ലാത്തത് കാരണം ഓടിച്ചതാണെന്നും പെട്ടന്ന് എക്സിറ്റ് എത്തിയത് കണ്ടില്ലെന്നും...


ലൈസെന്‍സ് എടുക്കാന്‍ അപേക്ഷ കൊടുത്തിട്ടേ ഉള്ളെന്നു മനസ്സിലാക്കിയപ്പോള്‍ ആളുടെ മട്ടും ഭാവവും മാറി. പോലീസിനെ വിളിക്കുമത്രേ. ഞാന്‍ വേഗം സ്പോണ്‍സറിനെ വിളിച്ചു വിവരം പറഞ്ഞു. ആള്‍ സംസാരിക്കാം എന്നേറ്റെങ്കിലും നമ്മുടെ കഥാ നായകന്‍ ഫോണ്‍ പോലും മേടിക്കാന്‍ കൂട്ടാക്കിയില്ല.... അയാള്‍ പോലീസിനെ വിളിച്ചു. അറബി അത്ര പിടിയില്ലെങ്കിലും അയാള്‍ പറഞ്ഞത് ഇതൊക്കെയാണ്.  

"ലൈസെന്‍സ് ഇല്ലാതെ സ്പീഡില്‍ വണ്ടി ഓടിച്ചു , അയാളെ കൊല്ലാന്‍ ശ്രമിച്ചു , ഇപ്പോള്‍ വെറുതെ വിട്ടാല്‍ ഇവന്‍ ആരെയെങ്കിലും കൊല്ലും.അത്രയ്ക്ക്അപകടകാരിയാണ്.ജയിലില്‍ ഇട്ടു നമ്മുടെ നാട്ടിലെ നിയമം എന്താണെന്ന് മനസ്സിലാക്കി കൊടുക്കണം ".....


ഞാന്‍ അനസിനെ നോക്കി. അവന്റെ മുഖത്ത് രക്ത ഓട്ടം ഉണ്ടായിരുന്നതിന്റെ ഒരു തെളിവ് പോലും ബാക്കി ഉണ്ടായിരുന്നില്ല!! അവന്‍ ദയനീയമായി എന്നെ നോക്കി!!


അവസാന കയ്യായി ഞാന്‍ അയാളോട് എനിക്കറിയാവുന്ന ഭാഷയില്‍ ക്ഷമ ചോദിച്ചു. എന്നെ കാത്ത് ഒരു കുടുംബം നാട്ടില്‍ കാത്തിരിക്കുന്നെന്നും വെക്കേഷന്‍ അടുത്തെന്നും പോലീസിനെ വിളിക്കരുതെന്നും കരഞ്ഞു പറഞ്ഞു നോക്കി!!


എവിടെ!!!!!  

നീ എന്നെ കൊല്ലാന്‍ നോക്കി...നിന്നെ ഞാന്‍ വെറുതെ വിടില്ല... സൗദി നിയമം എന്താണെന്ന് നീ അറിയണം. ഒരു മാസം ജയിലില്‍ കിടക്ക്‌....അപ്പോള്‍ പഠിക്കും...

[[ ഏതോ മലയാള സിനിമയില്‍ സലിം കുമാര്‍ പറയുന്ന ഡയലോഗ് ആ ടെന്‍ഷന്‍ പിടിച്ച സമയത്തും ഓര്‍മ്മയില്‍ മിന്നി മറഞ്ഞു – “സവൂദി അറേബ്യയാണ് രാജ്യം.ശരിയത്താണു കോടതി!!!! ]]


ദൂരെ നിന്നും പോലീസ് വണ്ടി വരുന്നത് കണ്ടു... ഞാന്‍ അയാളെ അവസാന പ്രതീക്ഷയില്‍ ഒന്നും നോക്കി നോക്കി.... ഒരു ഗ്രാം മനുഷ്യത്വം പോലും ആ മുഖത്ത് ഞാന്‍ കണ്ടില്ല!!!
ഞാന്‍ എനിക്ക് സംഭവിക്കാന്‍ പോകുന്ന വിധിയെ സ്വീകരിക്കാന്‍ തയ്യാറെടുത്തു...മകന്‍ നാട്ടില്‍ വരുന്നതും കാത്തിരിക്കുന്ന അമ്മ , പപ്പ, പെങ്ങള്‍ ..അങ്ങനെ നിരവധി മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറഞ്ഞു. കയ്യിലിരുന്ന ഫോണും പണവും എല്ലാം അനസിനെ ഏല്‍പ്പിച്ചു. അത് വാങ്ങുമ്പോള്‍ അവന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു!!! വീട്ടില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ നെറ്റ് കട്ടായി കിടക്കുവാ..ശരിയായിട്ടു വിളിക്കും എന്ന് പറഞ്ഞേക്കാന്‍ അവനോടു പറഞ്ഞു... ആര്യാസ് ഹോട്ടലിലെ പ്രതിമയെപ്പോലെ അവന്‍ തലയാട്ടി!!!

പോലീസ് വാഹനം എത്തി. അറബികള്‍ തമ്മിലുള്ള കെട്ടിപ്പിടുത്തം ,ഉമ്മകൊടുക്കല്‍ എന്നിവ എല്ലാം കഴിഞ്ഞു അയാള്‍ എന്നെ ചൂണ്ടി പൊടിപ്പും തൊങ്ങലും വെച്ച് എല്ലാം വിവരിക്കുന്നു! കൊലപാതക ശ്രമത്തിനു കേസ് എടുക്കണം എന്നാണു അയാളുടെ ആവശ്യം.

പോലീസുകാര്‍ രണ്ടുപേര്‍ ഉണ്ട്. പയ്യന്മാരാണ്‌.. ഞാന്‍ എന്‍റെ ഭാഗം ന്യായീകരിച്ചു. ആക്സിടന്റ്റ് ഒന്നും പറ്റിയിട്ടില്ലെന്നും വേണമെങ്കില്‍ രണ്ടു വണ്ടികളും പരിശോധിക്കാമെന്നും ഫ്രണ്ടിനു സുഖമില്ലാത്തത് കാരണം ഓടിച്ചതാണെന്നും ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് സൗദി അറേബ്യയില്‍ എത്ര വല്യ കുറ്റമാണെന്ന് അറിയാമെന്നും ചെയ്തുപോയ തെറ്റില്‍  പശ്ചാത്തപിക്കുന്നെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.


അവര്‍ രണ്ടു വണ്ടിയും പരിശോധിച്ചു. ഒരു പോറല്‍ പോലും ഇല്ല.അയാള്‍ വീണ്ടും നമ്മുടെ നാടിന്റെ നിയമം എന്താണെന്ന് ആ ഇന്ത്യക്കാരനെ അറിയിച്ചു കൊടുക്കണം എന്ന ഒറ്റ പോയിന്റില്‍ കടിച്ചു തൂങ്ങുകയാണ്. പോലീസുകാര്‍ എന്തൊക്കെയോ അയാളോട് സംസാരിച്ചു  സലാം കൊടുത്ത് പറഞ്ഞയച്ചു. കാറില്‍ കയറുമ്പോള്‍ അയാളുടെ മുഖത്ത് കണ്ട സംതൃപ്തിയില്‍ നിന്ന് ഒന്ന് തീര്‍ച്ചയായിരുന്നു. ഈ വെള്ളിയാഴ്ച   എന്‍റെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ പോകുന്നു!


പോലീസുകാര്‍ രണ്ടുപേരും  വണ്ടിയില്‍ കയറി ഇരുന്നു. എന്നെ അടുത്തേക്ക് വിളിപ്പിച്ചു . മറ്റെയാള്‍ (പരാതിക്കാരന്‍) വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി പോകാന്‍ തയ്യാറെടുക്കുന്നു!!. ഞാന്‍ പോലീസ് വണ്ടിയുടെ അടുത്തേക്ക് ചെന്നു. ബാക്ക് സീറ്റിലേക്ക് നോക്കി. അതൊരു കൊച്ചു ജയില്‍ ആണ്. ചുറ്റും വല കെട്ടിയ ഒരു കൂട്! അതില്‍ കയറ്റിയാണ് എന്നെ ജയിലിലേക്ക്  കൊണ്ടുപോകാന്‍ തുടങ്ങുന്നത്!

എന്തും നേരിടാനുള്ള മനശക്തി ആ സമയത്തിനുള്ളില്‍ കൈ വന്നെങ്കിലും ഒരിക്കല്‍ കൂടി എന്‍റെ നിസ്സഹായാവസ്ഥ അവരോടു ഞാന്‍ പറഞ്ഞു നോക്കി. വെക്കേഷന്‍ അടുത്തിരിക്കുകയാണെന്നും കേസാക്കരുതെന്നും അപേക്ഷിച്ചു...അതൊക്കെ പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!!


പോലീസുകാര്‍ രണ്ടു പേരും ഒന്നും മിണ്ടുന്നില്ല. അവര്‍ പരാതിക്കാരനായ സൗദി  വണ്ടിയില്‍ കയറി പോകുന്നതും നോക്കി ഇരിക്കുകയാണ്!!


അയാളുടെ വാഹനം അകലേക്ക്‌ മറഞ്ഞപ്പോള്‍ പോലീസുകാര്‍ രണ്ടും എന്നെ നോക്കി.അതിലൊരാള്‍ പറഞ്ഞു. സൗദി അറേബ്യയില്‍ ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുക എന്നുള്ളത് ധൈര്യം എന്നതിലുപരി മണ്ടത്തരം ആണ്. എന്തെങ്കിലും അപകടം പറ്റിയാല്‍ പിന്നെ നിനക്ക് ഇന്ത്യ കാണാം എന്നുള്ള മോഹം വേണ്ട. പിന്നെ എന്തൊക്കെയോ അയാള്‍ പറഞ്ഞു.. എല്ലാം ശരി വച്ച് കൊണ്ട് ,  എല്ലാം  നഷ്ടപ്പെട്ടവനെ പോലെ  ഞാന്‍ നിന്നു. പെട്ടന്ന് ആ പോലീസുകാരന്‍ എന്‍റെ ഐ.ഡി കാര്‍ഡ് മടക്കി തന്നിട്ട് പറഞ്ഞു.


 "കൂട്ടുകാരനോട് വണ്ടി എടുക്കാന്‍ പറ.ലൈസെന്‍സ് കിട്ടാതെ ഇനി മേലില്‍  വണ്ടി എടുക്കരുത്. നാട്ടില്‍ പോകാറായി എന്നല്ലേ പറഞ്ഞത്. ഞങ്ങളുടെ നാട്ടിലെ ജയിലില്‍ കിടക്കുക എന്ന് പറയുന്നത് അത്ര രസമുള്ള ഏര്‍പ്പാടല്ല" !!!


എനിക്ക് അയാള്‍ പറയുന്നത് വിശ്വസിക്കാന്‍ പറ്റിയില്ല.. ജീവന്‍ തിരിച്ചു കിട്ടിയത് പോലെ. ഞാന്‍ അനുവിനെ നോക്കി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.കൂട്ടത്തില്‍ നല്ല വെയിലത്ത്‌ പെയ്യുന്ന മഴ പോലെ ഒരു പുഞ്ചിരിയും!!!


ആ പോലീസുകാരന്റെ കയ്യില്‍ പിടിച്ചു ആദ്യമായി മനസ്സു നിറഞ്ഞു  ഞാന്‍ പറഞ്ഞു 

“ ശുക്രാന്‍!! ” (
Thank You)

പല സന്ദര്‍ഭങ്ങളില്‍ പലരോടു ആ വാക്ക് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ശരിയായ അര്‍ഥം എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നത് ഈയൊരു സംഭവമാണ്. അയാള്‍ എന്നെ ഒരു പെറ്റികേസുപോലും ചാര്‍ജ് ചെയ്യാതെ വെറുതെ വിട്ടതിനു കാരണം അങ്ങ് ദൂരെ കേരളത്തില്‍ എന്‍റെ വരവിനായി കാത്തിരിക്കുന്ന അമ്മയുടെ പ്രാര്‍ത്ഥന മാത്രമാണെന്ന് ഞാന്‍ അറിയുന്നു!!

എത്ര നന്ദി പറഞ്ഞാലും മതി വരില്ല ആ പോലീസുകാരനോട്‌.
പ്രാര്‍ഥനകളില്‍ ആ പോലീസുകാരനേയും ഞാന്‍ ഓര്‍ക്കുന്നു എന്നും!!.

അയാള്‍ക്ക്‌ ഇതൊരു ചെറിയ സംഭവം മാത്രമാവാം. പക്ഷെ എനിക്ക് തിരിച്ചു കിട്ടിയത് എന്‍റെ ജീവിതമാണ്!!!

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്
മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ‘താങ്ക് യൂ’ എന്ന പേരില്‍  
ബ്ലോഗിംഗ് മത്സരം  സംഘടിപ്പിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞു വന്നത് ആ നന്മ നിറഞ്ഞ പോലീസുകാരന്റെ മുഖമാണ് . ഈ സംഭവം ഇവിടെ  കുറിച്ചിടുന്നു..അറബി അല്ലാതെ വേറൊരു ഭാഷയും അറിയാത്ത ആ പോലീസുകാരന്‍ ഇത് വായിക്കില്ല...എന്ന ഉത്തമബോധത്തോട് കൂടി!!

 

 




PS  :"താങ്ക് യൂ" എന്ന മലയാളം സിനിമയുടെ പ്രചാരണാര്‍ത്ഥം   
ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവരോടൊപ്പം ചേര്‍ന്ന് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  നടത്തുന്ന മത്സരത്തിനുവേണ്ടിഎഴുതിയത് !!

ഗ്രൂപ്പിനെ പറ്റിയും "താങ്ക് യൂ" സിനിമയെ പ്പറ്റിയും കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക-


മലയാളം ബ്ലോഗേഴ്‌സ്       


'താങ്ക് യൂ' സിനിമ               

Saturday 1 June 2013

മുടി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ "എക്സ്"


                          ഉപ്പുവെള്ളം , കൊടും ചൂട് , പാരമ്പര്യം ,ബുജിത്തരം , കവിഞ്ഞൊഴുകുന്ന ഇന്റലിജന്‍സ് തുടങ്ങിയ സ്വാഭാവിക കാരണങ്ങളാല്‍ ആണെന്ന് തോന്നുന്നു....ഈയിടെയായി മുടി ചറ പറാ....ചറ പറാ....പൊഴിയുന്നു!!!!

                          ഈ ഫഹദ് ഫാസില്‍ യുഗത്തില്‍ മുടിയല്ല...തല തന്നെ പോയാലും നമ്മുടെ ഗ്ലാമറിന് ഒരു കുബ്ബൂസും സംഭവിക്കില്ല ...എന്നെനിക്ക് ഉറപ്പുണ്ടെങ്കിലും വെക്കേഷന്‍ അടുത്തു വരുന്നതും...ഷാരൂഖ് ഖാന്‍റെ മുടിയെ വെല്ലുന്ന മുടിയുമായി പോയ പ്രിയ മകന്‍ ലിബിയെ ഈ കോലത്തില്‍ കണ്ടാല്‍ പ്രിയ മാതാവിന്റെ ഹൃദയം തകരുന്നതും ഒക്കെ ഓര്‍ത്തപ്പോള്‍.... എന്തെങ്കിലും ചെയ്തു നോക്കാമെന്ന് കരുതി. [[മാതാവിന് വേണ്ടി മാത്രം...എനിക്ക് വേണ്ടിയല്ല...എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടോട്ടെ....

"എന്‍റെ മോനീഗതി വന്നല്ലോ...അവനിനി ആര് പെണ്ണ് കൊടുക്കുമെന്റെ കര്‍ത്താവേ....എന്നൊക്കെ അലമുറയിട്ടു കരയുന്ന അമ്മയുടെ മുഖം സ്വപ്നം കണ്ടു ചില രാത്രികളില്‍ ഞെട്ടി എഴുനെല്‍ക്കാറുപോലുമുണ്ട്!!! ]]

അങ്ങനെയിരിക്കവേ....ഒരു പ്രിയ സുഹൃത്ത് പതിവ് ചിറ്റ്-ചാറ്റിനിടയില്‍ മൊഴിഞ്ഞു...ഡാ....അല്‍-ഖോബാറിലെ......"എക്സ്" എന്ന ഹോസ്പ്പിട്ടലില്‍ "വൈ" എന്ന് പേരുള്ള ഒരു സ്കിന്‍ സ്പെഷിയലിസ്റ്റ് ഉണ്ട്....നീ ഒന്ന് കൊണ്ട് കാണിക്ക്!!! ആള് മിടുക്കനാ..... നമ്മുടെ ശലീര്‍ ഇതുപോലെ കഷണ്ടിയുടെ ആരംഭം വന്നപ്പോഴേ പുള്ളിയെ കൊണ്ട് പോയി കാണിച്ചതാ....ഇപ്പൊ കണ്ടില്ലേ....അവന്റെ മുടി....ഹോ....സില്‍മാ നടന്മാര് തോറ്റ് പോകും!!!! സൌത്ത് സൌദിയില്‍ ഇത്രേം മുടിയുള്ള വേറെ മലയാളി ഇല്ല...സത്യം!!!!

എന്‍റെ മനസ്സില്‍ എട്ടു-പത്തു മുടി അല്ല ലഡ്ഡു ഒന്നിച്ചു പൊട്ടി....!!!

അങ്ങനെ പിറ്റേ ദിവസം ദാ താഴെ   കാണുന്ന പോലെ...വിത്തിന്‍ സെക്കണ്ട്സ്.....തല ....കമന്റില്ലാത്ത ബ്ലോഗ്‌ പോലെയാക്കി!!!!!


















അറബിയെ പറ്റിക്കല്‍ കഴിഞ്ഞു അഞ്ചു മണിക്ക് ഓഫീസ് വിട്ടപ്പോ നേരെ എക്സ് ആശൂത്രീലേക്ക് വെച്ച് പിടിച്ചു....

സുന്ദരിയായ ഫിളിഫീനി ഫെണ്‍കുട്ടി....കൌണ്ടറില്‍ ഇരുന്നു ചിരിച്ചു കാണിച്ചു...തിരിച്ചൊരു യമണ്ടന്‍ ഏറനാടന്‍ ചിരി മടക്കി കൊടുത്തതിനോടൊപ്പം ഇന്ഷുറന്സ് കാര്‍ഡും ഇക്കാമയും ഇത്തിരി ചില്ലറ റിയാലും കൊടുത്ത് "വൈ" ഡോക്ടറിനെ കാണാന്‍ ഉള്ള ടോക്കണ്‍ കരസ്ഥമാക്കി..

അങ്ങനെ ഡോക്ടറിന്റെ റൂം നു മുന്‍പില്‍ ഇരുപ്പായി!!!

ധാത്രിയുടെയും ഡാബര്‍ ആമ്ലലയുടെയും ടണ്ടാ ടണ്ടാ കൂള്‍ കൂളിന്റെയും പരസ്യത്തിലെ മുടി സമ്പന്നന്മാരെ ആ ഫ്രീ ടൈമില്‍ എന്‍റെ തല വെച്ച് സങ്കല്‍പ്പിച്ചു നോക്കി!!!!

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞു....ഒരു സുന്ദരിയായ മലയാളി പെണ്‍കുട്ടി വാതില്‍ തുറന്നു എന്റെ മനോഹരമായ പേര് ഇത്തിരി നാണത്തോടെ ...ഉച്ചത്തില്‍ വിളിച്ചു.....

മൊട്ട തല തടവി....എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പോകുന്ന വിദ്യാര്‍ഥിയെപ്പോലെ ഞാന്‍ തെല്ലു ശങ്കയോടെ അതിലുപരി ആകാംഷയോടെ അകത്തേക്ക് പ്രവേശിച്ചു!!!!

അതാ...കസേരയില്‍ ഇരുന്നു മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ കുറിപ്പടിയില്‍ കുത്തിവരയ്ക്കുന്ന സ്കിന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ."വൈ" !!!!

അദ്ദേഹത്തിന്റെ തല ട്യൂബ് ലൈറ്റ് പ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു !!!! ഈ നൂറ്റാണ്ടില്‍ എങ്ങും ആ ശിരസ്സില്‍ മുടി ഉണ്ടായിരുന്നതിന്റെ തിരു ശേഷിപ്പുകള്‍ ഒന്നും കാണാന്‍ എനിക്ക് സാധിച്ചില്ല!!!

എന്താ മിസ്റ്റര്‍ ,അവിടെ നില്‍ക്കുന്നത്... കടന്നു വരൂ......

മിഴിച്ചു നില്‍ക്കുന്ന എന്നെ നോക്കി അദ്ദേഹം ഗൌരവത്തില്‍ മാടി വിളിച്ചു!!!

പെട്ടന്നുണ്ടായ ഞെട്ടലില്‍ നിന്ന് മുക്തനായ ഞാന്‍ മെല്ലെ അബോധ മനസ്സില്‍ നിന്നും ഒരു അശരീരി പോലെ ചോദിച്ചു ....

ഡോക്ടര്‍ , ഡോക്ടര്‍ തന്നെയാണോ....ഈ മുടി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍."വൈ" .

അതെ എന്ന മറുപടി കിട്ടിയപ്പോ ഞാന്‍ തളത്തില്‍ ദിനേശനെ പോലെ...എന്‍റെ സങ്കടം ഉണര്‍ത്തിച്ചു....

നിമിഷ നേരത്തിനകം അദ്ദേഹം പരിഹാരം കണ്ടുപിടിച്ചു!!!

200 റിയാലിന്റെ ഒരു കുത്തിവെപ്പ്...
ഇത്തിരി വിറ്റാമിന്‍ ഗുളിക..
അല്‍പ്പ സ്വല്‍പ്പം ഷാമ്പൂ , ഇത്തിരി ഹെയര്‍ സ്പ്രേ!!!

ആകെ മൊത്തം ഒരു 700 റിയാലിന്റെ വകുപ്പുണ്ട്!!!>..

താഴെ ഉള്ള മെഡിക്കല്‍ സ്റ്റോറില്‍ മാത്രമേ ഈ മരുന്നുകള്‍ കിട്ടൂ...എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു....

കുത്തിവെപ്പിനുള്ള പണം അടച്ചു വന്നാല്‍ ഇപ്പൊ തന്നെ അത് എടുക്കാമെന്നും....അദ്ദേഹം കൂട്ടി ചേര്‍ക്കാന്‍ മറന്നില്ല!!!!

നന്ദിയും പറഞ്ഞു....കിട്ടിയ കുറിപ്പടി പോക്കറ്റിലുമിട്ട് ....നേഴ്സ് ചേച്ചിയെ ഒന്ന് കണ്ണിറുക്കി കാണിച്ചു പുറത്തേക്കിറങ്ങി.....

ഗര്‍ഭിണിയായ ഭാര്യയെ ലേബര്‍ റൂമില്‍ കയറ്റിയ പോലത്തെ ടെന്‍ഷനില്‍ പുറത്ത് ഉലാത്തി ക്കൊണ്ടിരുന്ന പ്രിയ സുഹൃത്ത് അനസ് ഓടിവന്നു ചോദിച്ചു....

എന്തായളിയാ......

അവനെ നോക്കി ഒരു ഇളിഭ്യ ചിരി ചിരിച്ചു കുറിപ്പടി നാലായി വലിച്ചുകീറി ട്രാഷ് ബാഗില്‍ വിക്ഷേപിക്കുമ്പോള്‍...... വെട്ടി തിളങ്ങുന്ന മുടി സ്പെഷ്യലിസ്ടിന്റെ ചാണക തലയായിരുന്നു എന്‍റെ മനസ്സില്‍!!!!!

എന്നിട്ട് മെല്ലെ അവന്‍റെ ചെവിയില്‍ പറഞ്ഞു....

അളിയാ....വണ്ടിയെടുക്ക്!!! കഷണ്ടിക്ക് മരുന്നില്ലെടെ!!!!

കാക്കയും ഒരു മനുഷ്യനല്ലേ!!


ആയിരത്തി തൊള്ളായിരത്തി അന്ന്!!!

നോം എല്‍.കെ.ജിയില്‍ പഠിക്കുന്ന കാലം!!!

എന്നും രാവിലെ പാവം അമ്മ സ്കൂളില്‍ കൊണ്ട് വന്നു വിട്ടിട്ടു പോകും!!!
ഉച്ച ആകുമ്പോ വീണ്ടും വരും.....പുത്രനു ചോറ് വാരിക്കൊടുക്കാന്‍....ഇല്ലേല്‍ അവന്‍ കഴിക്കൂലാ!!!

ഈ കലാപരിപാടി യു കെ ജിയിലും തുടര്‍ന്നപ്പോള്‍... സ്കൂളിലെ സിസ്റ്റേര്‍സ് അമ്മയെ വിലക്കി!!!
എല്ലാ കുട്ടികളും തനിയെ അല്ലെ കഴിക്കുന്നെ....ഇവന്‍ വല്യ കുട്ടി ആയില്ലേ....ഇനി തന്നെ കഴിച്ചു പഠിക്കട്ടെ.....ലിസി ഇനി ഉച്ചയ്ക്ക് സ്കൂളില്‍ വരണ്ട!!!!
മറ്റുകുട്ടികള്‍ക്കു ഫീല്‍ ചെയ്യുമത്രേ!!!! ഹ്മം!!!

അമ്മയുടെ കയ്യില്‍ നിന്നും വെറുതെ കിട്ടിയിരുന്ന ആ ഓഫര്‍ ലോറെന്‍സെറ്റാ സിസ്റ്ററും സുമ ടീച്ചറും ചേര്‍ന്ന് കലക്കി!!!
അവരോടു ആ യു.കെ.ജിക്കാരന് അപ്പോള്‍ തോന്നിയ ദേഷ്യം നിങ്ങള്‍ക്കൊന്നും പറഞ്ഞാ മനസ്സിലാവൂല കുട്ടികളെ...മനസ്സിലാവൂല

അങ്ങനെ പിറ്റെ ദിവസം മുതല്‍ നോം ഒറ്റയ്ക്ക് "ലഞ്ചു" വാന്‍ തുടങ്ങി!!!

എന്നും വൈകുന്നേരം വിളിക്കാന്‍ വരുമ്പോ അമ്മ ആദ്യം ടിഫിന്‍ ബോക്സ് പരിശോധിക്കും.....

അപ്പൊള്‍ ആ മുഖം പ്രകാശിക്കുന്നത് കാണാം....

നല്ല കുട്ടി....അമ്മേടെ മോന്‍ മുഴുവന്‍ കഴിച്ചല്ലോ!!!!

ആ വകയില്‍ സ്ഥിരം "ഫൈവ് സ്റ്റാര്‍" മാര്‍ക്കോസ് ചേട്ടന്റെ കടയില്‍ നിന്നും വാങ്ങി തരാറുള്ളതും ഓര്‍മ്മയില്‍ മഞ്ഞപിടിച്ചിങ്ങനെ നില്‍ക്കുന്നു!!!

അങ്ങനെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ നടന്നു പോകവേ.......അവിചാരിതമായി ഒരു ദിവസം ലിസിയാമ്മ ഉച്ചസമയത്ത് വേറെ ഏതോ ആവശ്യത്തിനു സ്കൂളില്‍ വന്നു!!!!

കുട്ടികള്‍ എല്ലാവരും പള്ളി മുറ്റത്തുള്ള സ്റ്റേജില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കാറ്!!!

മകന്‍ ഒറ്റയ്ക്ക് ചോറ് വാരി കഴിക്കുന്ന ആ നയന മനോഹരമായ കാഴ്ച കാണാന്‍ എന്‍റെ പ്രിയ മാതാശ്രീ പതിയെ പതിയെ ഞാന്‍ കാണാതെ പുറകില്‍ വന്നു നോക്കി!!!

അപ്പോള്‍ കണ്ട കാഴ്ച!!!

മകന് ചുറ്റും നല്ല ചേലുള്ള കരിങ്കാക്കകള്‍!!!!





തന്റെ ചോറ്റുപാത്രത്തിലെ ഭക്ഷണം .... എല്ലാ കാക്ക സഹോദരി/സഹോദരന്മാര്‍ക്കും കൂടി വീതിച്ചു കൊടുക്കുകയാണ് അമ്മേടെ പൊന്നുമോന്‍....

ട്ടപ്പേ!!!

പേടിക്കണ്ട.....ആ സ്നേഹമയി എന്നെ തല്ലിയ ശബ്ദമാ കേട്ടത്....

എന്താടാ നീയീ കാണിക്കുന്നതു???

അത് അമ്മെ....കാക്കയ്ക്കും ഇല്ലേ വിശപ്പ്‌...അതും ഒരു മനുഷ്യനല്ലേ....നമ്മള്‍ കൊടുത്തില്ലേല്‍ പിന്നെ അവര്‍ക്കാരാ ഭക്ഷണം കൊടുക്കുക!!!

എന്‍റെ ആ ചോദ്യത്തില്‍ അല്‍പ്പം പതറിയെങ്കിലും അമ്മ വീണ്ടും ചോദിച്ചു...... അതിനു നീ കഴിക്കാതെ വേണോ അവറ്റകള്‍ക്ക് കൊടുക്കാന്‍......

അതൊക്കെ പോട്ടെ.....ഇതില്‍ വച്ചിരുന്ന മുട്ട എവിടെ?...അതേലും തിന്നോ....കുട്ടിഗാന്ധി ?

അമ്മയുടെ അറിവില്ലായ്മയെ ഓര്‍ത്തു സ്വയം ലജ്ജിച്ചു...ഞാന്‍ ചോദിച്ചു.....

മണ്ടീ....അമ്മെ..... കാക്കകള്‍ എങ്ങനാ പച്ചചോറ് തിന്നുന്നെ?.....അമ്മ തിന്നാറുണ്ടോ....പച്ച ചോറ്?..... അതോണ്ട് ഞാന്‍ ആ മുട്ടേം അവര്‍ക്ക് കൊടുത്തു!!!!!

ആ പാവം അമ്മയുടെ മുഖത്ത് അപ്പൊ നിഴലിച്ച ഭാവം...... അതെന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും മനസ്സിയായിട്ടില്ല!!!

ഇതെല്ലാം കണ്ടോണ്ടു വന്ന സുമ ടീച്ചര്‍....സംഘര്‍ഷാവസ്ഥ തണുപ്പിക്കാന്‍ എന്നോണം ...അമ്മയോട് പറഞ്ഞു......ലിസി നാളെ മുതല്‍ ഉച്ചക്ക് ചോറ് കൊടുക്കാന്‍ വന്നോളൂട്ടോ......സിസ്റ്റര്‍നോടു ഞാന്‍ പറഞ്ഞോളാം!!!!

[[ ഇന്നിവിടെ ...ഇപ്പൊ രണ്ടായിരത്തി പതിമൂന്നാം ആണ്ടില്‍.....സൗദി അറേബ്യയില്‍ ....... ഭക്ഷണം വെക്കാനുള്ള മടി കാരണം ഹോട്ടലിലെ ഭക്ഷണം കഴിക്കുമ്പോ....അറിയാതെ ആ കാലം ഒക്കെ ഓര്‍മ്മ വന്നു.....

ആ മുട്ട പോരിച്ചതിന്റെം ചോറിന്റെം ഒക്കെ സ്വാദ്.. ഈ മോര്‍ച്ചറിയില്‍ വെച്ച ചിക്കന്‍ പൊരിച്ചതിനും .... മട്ടന്‍ ബിര്യാണിക്കും ഒക്കെ കിട്ടുമോ? ]]