Sunday, 2 June 2013

ശുക്രാന്‍ !!!!!

 

വെള്ളിയാഴ്ച്ച

ആഴ്ച്ചയില്‍ ആകെപ്പാടെ കിട്ടുന്ന ഒരു അവധി.... അത് സാദാ  പ്രവാസികളെപ്പോലെ അല്‍പ്പ സ്വല്‍പ്പം കറക്കവും ഷോപ്പിങ്ങും ഒക്കെയായി ഞങ്ങളും കഴിച്ചു കൂട്ടുന്നു..... ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും സുഹൃത്ത് അനസും!!!

ഇത് ഒരു വെള്ളിയാഴ്ച്ചയുടെ കഥയാണ്‌...എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ടുള്ള വെള്ളിയാഴ്ചയുടെ കഥ!!!! 


24/05/2013


പതിവുപോലെ ഷോപ്പിങ്ങും കറക്കവും എല്ലാം കഴിഞ്ഞപ്പോള്‍  സമയം രാത്രി പത്തു മണി!!

 പകല്‍ മുഴുവന്‍ വണ്ടി ഓടിച്ചു ക്ഷീണിതനായ അനുവിന് ചെറിയ ഒരു ആശ്വാസം കൊടുക്കാന്‍ വണ്ടി ഞാന്‍ ഡ്രൈവ് ചെയ്യുന്നു!!

 

ദമ്മാം സിറ്റിയില്‍ നിന്ന് ഏകദേശം ഇരുപതു കിലോമീറ്റര്‍ ദൂരമേ വീട്ടിലെക്കുള്ളൂ.  ശ്രീശാന്തും കോഴയും ,രഞ്ജിനിയും ക്യൂവും മലയാളി ഹൌസും സദാചാരക്കാരും എന്ന് വേണ്ട കമ്പനി ഓണര്‍ അറബിക്ക്  ജോലിക്കാരോടുള്ള ചിറ്റമ്മ നയത്തെ വരെ ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് വരുന്നതിനാല്‍ ഹൈവേയില്‍ നിന്ന് വീട്ടിലേക്കു പോകാനുള്ള എക്സിറ്റ് വളരെ അടുത്തെത്തിയതിനു ശേഷമാണ് കണ്ടത്....സ്പീഡ് ട്രാക്കില്‍ നിന്ന് വന്ന അതെ വേഗതയില്‍ ഞാന്‍ എക്സിറ്റ് എടുത്തു. രണ്ടാമത്തെ ട്രാക്കില്‍ കൂടി ചീറി പാഞ്ഞു വന്നിരുന്ന ഒരു വണ്ടി സഡന്‍ ബ്രേക്കിട്ടു പാളി നില്‍ക്കുന്നതും അയാള്‍ എന്‍റെ പിന്നാലെ ചീത്ത വിളിച്ചുകൊണ്ട് വരുന്നതും കണ്ടു ഞാന്‍ അനുവിനോട് ചോദിച്ചു.

അളിയാ , എന്ത് ചെയ്യണം ?.

 

അനസ്  : ഒന്നും നോക്കണ്ട . കത്തിച്ചു വിട്ടോ .

 

കേള്‍ക്കേണ്ട താമസം മൈക്കേല്‍ ഷൂമാക്കറിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ അഞ്ചാമത്തെ ഗിയറില്‍ വണ്ടി പായിച്ചു.

ഫോളോ ചെയ്യുന്നവന്‍ വിട്ടു തരുന്നില്ല.... ലോക്കല്‍ റോഡിലൂടെ ഓട്ട മത്സരം ഇനിയും നടത്തിയാല്‍ വണ്ടി വല്ല  മരുഭൂമിയിലും കിടക്കും എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ മെല്ലെ വണ്ടി സൈഡാക്കി . പിന്നാലെ ഫോളോ ചെയ്ത വണ്ടിയും !!!

 

ഒരു ആജാനുബാഹുവായ സൗദി  വണ്ടിയില്‍ നിന്നിറങ്ങി എന്തൊക്കെയോ അലറി വിളിച്ചുകൊണ്ട് വരുന്നു.

ഞാനും അനുവും വണ്ടിയില്‍ നിന്നിറങ്ങി.

 

സോറി പറഞ്ഞാല്‍ അടി കിട്ടും എന്നുള്ള അവസ്ഥ. എങ്കിലും ഒരു സോറി പറഞ്ഞു തുടങ്ങി. ഭാഗ്യം അയാള്‍ അടിച്ചില്ല. പുള്ളിക്ക് എന്‍റെ ഇക്കാമയും (ഐ.ഡി കാര്‍ഡ്) ലൈസെന്‍സും കാണണം. ആള്‍ മിനിസ്ട്രി ജോലിക്കാരന്‍ ആണെന്നും പറഞ്ഞു ഒരു ഐ.ഡി കാര്‍ഡും കാണിച്ചു. എന്‍റെ സകല ഗ്യാസും പോയി. ലൈസെന്‍സ് ഇല്ലാതെ ആണ് വണ്ടി ഓടിച്ചതെന്നു ഈ കാലമാടനോട് ഞാന്‍ എങ്ങനെ പറയും. ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.... ഫ്രണ്ടിനു  സുഖമില്ലാത്തത് കാരണം ഓടിച്ചതാണെന്നും പെട്ടന്ന് എക്സിറ്റ് എത്തിയത് കണ്ടില്ലെന്നും...


ലൈസെന്‍സ് എടുക്കാന്‍ അപേക്ഷ കൊടുത്തിട്ടേ ഉള്ളെന്നു മനസ്സിലാക്കിയപ്പോള്‍ ആളുടെ മട്ടും ഭാവവും മാറി. പോലീസിനെ വിളിക്കുമത്രേ. ഞാന്‍ വേഗം സ്പോണ്‍സറിനെ വിളിച്ചു വിവരം പറഞ്ഞു. ആള്‍ സംസാരിക്കാം എന്നേറ്റെങ്കിലും നമ്മുടെ കഥാ നായകന്‍ ഫോണ്‍ പോലും മേടിക്കാന്‍ കൂട്ടാക്കിയില്ല.... അയാള്‍ പോലീസിനെ വിളിച്ചു. അറബി അത്ര പിടിയില്ലെങ്കിലും അയാള്‍ പറഞ്ഞത് ഇതൊക്കെയാണ്.  

"ലൈസെന്‍സ് ഇല്ലാതെ സ്പീഡില്‍ വണ്ടി ഓടിച്ചു , അയാളെ കൊല്ലാന്‍ ശ്രമിച്ചു , ഇപ്പോള്‍ വെറുതെ വിട്ടാല്‍ ഇവന്‍ ആരെയെങ്കിലും കൊല്ലും.അത്രയ്ക്ക്അപകടകാരിയാണ്.ജയിലില്‍ ഇട്ടു നമ്മുടെ നാട്ടിലെ നിയമം എന്താണെന്ന് മനസ്സിലാക്കി കൊടുക്കണം ".....


ഞാന്‍ അനസിനെ നോക്കി. അവന്റെ മുഖത്ത് രക്ത ഓട്ടം ഉണ്ടായിരുന്നതിന്റെ ഒരു തെളിവ് പോലും ബാക്കി ഉണ്ടായിരുന്നില്ല!! അവന്‍ ദയനീയമായി എന്നെ നോക്കി!!


അവസാന കയ്യായി ഞാന്‍ അയാളോട് എനിക്കറിയാവുന്ന ഭാഷയില്‍ ക്ഷമ ചോദിച്ചു. എന്നെ കാത്ത് ഒരു കുടുംബം നാട്ടില്‍ കാത്തിരിക്കുന്നെന്നും വെക്കേഷന്‍ അടുത്തെന്നും പോലീസിനെ വിളിക്കരുതെന്നും കരഞ്ഞു പറഞ്ഞു നോക്കി!!


എവിടെ!!!!!  

നീ എന്നെ കൊല്ലാന്‍ നോക്കി...നിന്നെ ഞാന്‍ വെറുതെ വിടില്ല... സൗദി നിയമം എന്താണെന്ന് നീ അറിയണം. ഒരു മാസം ജയിലില്‍ കിടക്ക്‌....അപ്പോള്‍ പഠിക്കും...

[[ ഏതോ മലയാള സിനിമയില്‍ സലിം കുമാര്‍ പറയുന്ന ഡയലോഗ് ആ ടെന്‍ഷന്‍ പിടിച്ച സമയത്തും ഓര്‍മ്മയില്‍ മിന്നി മറഞ്ഞു – “സവൂദി അറേബ്യയാണ് രാജ്യം.ശരിയത്താണു കോടതി!!!! ]]


ദൂരെ നിന്നും പോലീസ് വണ്ടി വരുന്നത് കണ്ടു... ഞാന്‍ അയാളെ അവസാന പ്രതീക്ഷയില്‍ ഒന്നും നോക്കി നോക്കി.... ഒരു ഗ്രാം മനുഷ്യത്വം പോലും ആ മുഖത്ത് ഞാന്‍ കണ്ടില്ല!!!
ഞാന്‍ എനിക്ക് സംഭവിക്കാന്‍ പോകുന്ന വിധിയെ സ്വീകരിക്കാന്‍ തയ്യാറെടുത്തു...മകന്‍ നാട്ടില്‍ വരുന്നതും കാത്തിരിക്കുന്ന അമ്മ , പപ്പ, പെങ്ങള്‍ ..അങ്ങനെ നിരവധി മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറഞ്ഞു. കയ്യിലിരുന്ന ഫോണും പണവും എല്ലാം അനസിനെ ഏല്‍പ്പിച്ചു. അത് വാങ്ങുമ്പോള്‍ അവന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു!!! വീട്ടില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ നെറ്റ് കട്ടായി കിടക്കുവാ..ശരിയായിട്ടു വിളിക്കും എന്ന് പറഞ്ഞേക്കാന്‍ അവനോടു പറഞ്ഞു... ആര്യാസ് ഹോട്ടലിലെ പ്രതിമയെപ്പോലെ അവന്‍ തലയാട്ടി!!!

പോലീസ് വാഹനം എത്തി. അറബികള്‍ തമ്മിലുള്ള കെട്ടിപ്പിടുത്തം ,ഉമ്മകൊടുക്കല്‍ എന്നിവ എല്ലാം കഴിഞ്ഞു അയാള്‍ എന്നെ ചൂണ്ടി പൊടിപ്പും തൊങ്ങലും വെച്ച് എല്ലാം വിവരിക്കുന്നു! കൊലപാതക ശ്രമത്തിനു കേസ് എടുക്കണം എന്നാണു അയാളുടെ ആവശ്യം.

പോലീസുകാര്‍ രണ്ടുപേര്‍ ഉണ്ട്. പയ്യന്മാരാണ്‌.. ഞാന്‍ എന്‍റെ ഭാഗം ന്യായീകരിച്ചു. ആക്സിടന്റ്റ് ഒന്നും പറ്റിയിട്ടില്ലെന്നും വേണമെങ്കില്‍ രണ്ടു വണ്ടികളും പരിശോധിക്കാമെന്നും ഫ്രണ്ടിനു സുഖമില്ലാത്തത് കാരണം ഓടിച്ചതാണെന്നും ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് സൗദി അറേബ്യയില്‍ എത്ര വല്യ കുറ്റമാണെന്ന് അറിയാമെന്നും ചെയ്തുപോയ തെറ്റില്‍  പശ്ചാത്തപിക്കുന്നെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.


അവര്‍ രണ്ടു വണ്ടിയും പരിശോധിച്ചു. ഒരു പോറല്‍ പോലും ഇല്ല.അയാള്‍ വീണ്ടും നമ്മുടെ നാടിന്റെ നിയമം എന്താണെന്ന് ആ ഇന്ത്യക്കാരനെ അറിയിച്ചു കൊടുക്കണം എന്ന ഒറ്റ പോയിന്റില്‍ കടിച്ചു തൂങ്ങുകയാണ്. പോലീസുകാര്‍ എന്തൊക്കെയോ അയാളോട് സംസാരിച്ചു  സലാം കൊടുത്ത് പറഞ്ഞയച്ചു. കാറില്‍ കയറുമ്പോള്‍ അയാളുടെ മുഖത്ത് കണ്ട സംതൃപ്തിയില്‍ നിന്ന് ഒന്ന് തീര്‍ച്ചയായിരുന്നു. ഈ വെള്ളിയാഴ്ച   എന്‍റെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ പോകുന്നു!


പോലീസുകാര്‍ രണ്ടുപേരും  വണ്ടിയില്‍ കയറി ഇരുന്നു. എന്നെ അടുത്തേക്ക് വിളിപ്പിച്ചു . മറ്റെയാള്‍ (പരാതിക്കാരന്‍) വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി പോകാന്‍ തയ്യാറെടുക്കുന്നു!!. ഞാന്‍ പോലീസ് വണ്ടിയുടെ അടുത്തേക്ക് ചെന്നു. ബാക്ക് സീറ്റിലേക്ക് നോക്കി. അതൊരു കൊച്ചു ജയില്‍ ആണ്. ചുറ്റും വല കെട്ടിയ ഒരു കൂട്! അതില്‍ കയറ്റിയാണ് എന്നെ ജയിലിലേക്ക്  കൊണ്ടുപോകാന്‍ തുടങ്ങുന്നത്!

എന്തും നേരിടാനുള്ള മനശക്തി ആ സമയത്തിനുള്ളില്‍ കൈ വന്നെങ്കിലും ഒരിക്കല്‍ കൂടി എന്‍റെ നിസ്സഹായാവസ്ഥ അവരോടു ഞാന്‍ പറഞ്ഞു നോക്കി. വെക്കേഷന്‍ അടുത്തിരിക്കുകയാണെന്നും കേസാക്കരുതെന്നും അപേക്ഷിച്ചു...അതൊക്കെ പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!!


പോലീസുകാര്‍ രണ്ടു പേരും ഒന്നും മിണ്ടുന്നില്ല. അവര്‍ പരാതിക്കാരനായ സൗദി  വണ്ടിയില്‍ കയറി പോകുന്നതും നോക്കി ഇരിക്കുകയാണ്!!


അയാളുടെ വാഹനം അകലേക്ക്‌ മറഞ്ഞപ്പോള്‍ പോലീസുകാര്‍ രണ്ടും എന്നെ നോക്കി.അതിലൊരാള്‍ പറഞ്ഞു. സൗദി അറേബ്യയില്‍ ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുക എന്നുള്ളത് ധൈര്യം എന്നതിലുപരി മണ്ടത്തരം ആണ്. എന്തെങ്കിലും അപകടം പറ്റിയാല്‍ പിന്നെ നിനക്ക് ഇന്ത്യ കാണാം എന്നുള്ള മോഹം വേണ്ട. പിന്നെ എന്തൊക്കെയോ അയാള്‍ പറഞ്ഞു.. എല്ലാം ശരി വച്ച് കൊണ്ട് ,  എല്ലാം  നഷ്ടപ്പെട്ടവനെ പോലെ  ഞാന്‍ നിന്നു. പെട്ടന്ന് ആ പോലീസുകാരന്‍ എന്‍റെ ഐ.ഡി കാര്‍ഡ് മടക്കി തന്നിട്ട് പറഞ്ഞു.


 "കൂട്ടുകാരനോട് വണ്ടി എടുക്കാന്‍ പറ.ലൈസെന്‍സ് കിട്ടാതെ ഇനി മേലില്‍  വണ്ടി എടുക്കരുത്. നാട്ടില്‍ പോകാറായി എന്നല്ലേ പറഞ്ഞത്. ഞങ്ങളുടെ നാട്ടിലെ ജയിലില്‍ കിടക്കുക എന്ന് പറയുന്നത് അത്ര രസമുള്ള ഏര്‍പ്പാടല്ല" !!!


എനിക്ക് അയാള്‍ പറയുന്നത് വിശ്വസിക്കാന്‍ പറ്റിയില്ല.. ജീവന്‍ തിരിച്ചു കിട്ടിയത് പോലെ. ഞാന്‍ അനുവിനെ നോക്കി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.കൂട്ടത്തില്‍ നല്ല വെയിലത്ത്‌ പെയ്യുന്ന മഴ പോലെ ഒരു പുഞ്ചിരിയും!!!


ആ പോലീസുകാരന്റെ കയ്യില്‍ പിടിച്ചു ആദ്യമായി മനസ്സു നിറഞ്ഞു  ഞാന്‍ പറഞ്ഞു 

“ ശുക്രാന്‍!! ” (
Thank You)

പല സന്ദര്‍ഭങ്ങളില്‍ പലരോടു ആ വാക്ക് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ശരിയായ അര്‍ഥം എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നത് ഈയൊരു സംഭവമാണ്. അയാള്‍ എന്നെ ഒരു പെറ്റികേസുപോലും ചാര്‍ജ് ചെയ്യാതെ വെറുതെ വിട്ടതിനു കാരണം അങ്ങ് ദൂരെ കേരളത്തില്‍ എന്‍റെ വരവിനായി കാത്തിരിക്കുന്ന അമ്മയുടെ പ്രാര്‍ത്ഥന മാത്രമാണെന്ന് ഞാന്‍ അറിയുന്നു!!

എത്ര നന്ദി പറഞ്ഞാലും മതി വരില്ല ആ പോലീസുകാരനോട്‌.
പ്രാര്‍ഥനകളില്‍ ആ പോലീസുകാരനേയും ഞാന്‍ ഓര്‍ക്കുന്നു എന്നും!!.

അയാള്‍ക്ക്‌ ഇതൊരു ചെറിയ സംഭവം മാത്രമാവാം. പക്ഷെ എനിക്ക് തിരിച്ചു കിട്ടിയത് എന്‍റെ ജീവിതമാണ്!!!

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്
മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ‘താങ്ക് യൂ’ എന്ന പേരില്‍  
ബ്ലോഗിംഗ് മത്സരം  സംഘടിപ്പിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞു വന്നത് ആ നന്മ നിറഞ്ഞ പോലീസുകാരന്റെ മുഖമാണ് . ഈ സംഭവം ഇവിടെ  കുറിച്ചിടുന്നു..അറബി അല്ലാതെ വേറൊരു ഭാഷയും അറിയാത്ത ആ പോലീസുകാരന്‍ ഇത് വായിക്കില്ല...എന്ന ഉത്തമബോധത്തോട് കൂടി!!

 

 




PS  :"താങ്ക് യൂ" എന്ന മലയാളം സിനിമയുടെ പ്രചാരണാര്‍ത്ഥം   
ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവരോടൊപ്പം ചേര്‍ന്ന് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  നടത്തുന്ന മത്സരത്തിനുവേണ്ടിഎഴുതിയത് !!

ഗ്രൂപ്പിനെ പറ്റിയും "താങ്ക് യൂ" സിനിമയെ പ്പറ്റിയും കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക-


മലയാളം ബ്ലോഗേഴ്‌സ്       


'താങ്ക് യൂ' സിനിമ               

Saturday, 1 June 2013

മുടി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ "എക്സ്"


                          ഉപ്പുവെള്ളം , കൊടും ചൂട് , പാരമ്പര്യം ,ബുജിത്തരം , കവിഞ്ഞൊഴുകുന്ന ഇന്റലിജന്‍സ് തുടങ്ങിയ സ്വാഭാവിക കാരണങ്ങളാല്‍ ആണെന്ന് തോന്നുന്നു....ഈയിടെയായി മുടി ചറ പറാ....ചറ പറാ....പൊഴിയുന്നു!!!!

                          ഈ ഫഹദ് ഫാസില്‍ യുഗത്തില്‍ മുടിയല്ല...തല തന്നെ പോയാലും നമ്മുടെ ഗ്ലാമറിന് ഒരു കുബ്ബൂസും സംഭവിക്കില്ല ...എന്നെനിക്ക് ഉറപ്പുണ്ടെങ്കിലും വെക്കേഷന്‍ അടുത്തു വരുന്നതും...ഷാരൂഖ് ഖാന്‍റെ മുടിയെ വെല്ലുന്ന മുടിയുമായി പോയ പ്രിയ മകന്‍ ലിബിയെ ഈ കോലത്തില്‍ കണ്ടാല്‍ പ്രിയ മാതാവിന്റെ ഹൃദയം തകരുന്നതും ഒക്കെ ഓര്‍ത്തപ്പോള്‍.... എന്തെങ്കിലും ചെയ്തു നോക്കാമെന്ന് കരുതി. [[മാതാവിന് വേണ്ടി മാത്രം...എനിക്ക് വേണ്ടിയല്ല...എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടോട്ടെ....

"എന്‍റെ മോനീഗതി വന്നല്ലോ...അവനിനി ആര് പെണ്ണ് കൊടുക്കുമെന്റെ കര്‍ത്താവേ....എന്നൊക്കെ അലമുറയിട്ടു കരയുന്ന അമ്മയുടെ മുഖം സ്വപ്നം കണ്ടു ചില രാത്രികളില്‍ ഞെട്ടി എഴുനെല്‍ക്കാറുപോലുമുണ്ട്!!! ]]

അങ്ങനെയിരിക്കവേ....ഒരു പ്രിയ സുഹൃത്ത് പതിവ് ചിറ്റ്-ചാറ്റിനിടയില്‍ മൊഴിഞ്ഞു...ഡാ....അല്‍-ഖോബാറിലെ......"എക്സ്" എന്ന ഹോസ്പ്പിട്ടലില്‍ "വൈ" എന്ന് പേരുള്ള ഒരു സ്കിന്‍ സ്പെഷിയലിസ്റ്റ് ഉണ്ട്....നീ ഒന്ന് കൊണ്ട് കാണിക്ക്!!! ആള് മിടുക്കനാ..... നമ്മുടെ ശലീര്‍ ഇതുപോലെ കഷണ്ടിയുടെ ആരംഭം വന്നപ്പോഴേ പുള്ളിയെ കൊണ്ട് പോയി കാണിച്ചതാ....ഇപ്പൊ കണ്ടില്ലേ....അവന്റെ മുടി....ഹോ....സില്‍മാ നടന്മാര് തോറ്റ് പോകും!!!! സൌത്ത് സൌദിയില്‍ ഇത്രേം മുടിയുള്ള വേറെ മലയാളി ഇല്ല...സത്യം!!!!

എന്‍റെ മനസ്സില്‍ എട്ടു-പത്തു മുടി അല്ല ലഡ്ഡു ഒന്നിച്ചു പൊട്ടി....!!!

അങ്ങനെ പിറ്റേ ദിവസം ദാ താഴെ   കാണുന്ന പോലെ...വിത്തിന്‍ സെക്കണ്ട്സ്.....തല ....കമന്റില്ലാത്ത ബ്ലോഗ്‌ പോലെയാക്കി!!!!!


















അറബിയെ പറ്റിക്കല്‍ കഴിഞ്ഞു അഞ്ചു മണിക്ക് ഓഫീസ് വിട്ടപ്പോ നേരെ എക്സ് ആശൂത്രീലേക്ക് വെച്ച് പിടിച്ചു....

സുന്ദരിയായ ഫിളിഫീനി ഫെണ്‍കുട്ടി....കൌണ്ടറില്‍ ഇരുന്നു ചിരിച്ചു കാണിച്ചു...തിരിച്ചൊരു യമണ്ടന്‍ ഏറനാടന്‍ ചിരി മടക്കി കൊടുത്തതിനോടൊപ്പം ഇന്ഷുറന്സ് കാര്‍ഡും ഇക്കാമയും ഇത്തിരി ചില്ലറ റിയാലും കൊടുത്ത് "വൈ" ഡോക്ടറിനെ കാണാന്‍ ഉള്ള ടോക്കണ്‍ കരസ്ഥമാക്കി..

അങ്ങനെ ഡോക്ടറിന്റെ റൂം നു മുന്‍പില്‍ ഇരുപ്പായി!!!

ധാത്രിയുടെയും ഡാബര്‍ ആമ്ലലയുടെയും ടണ്ടാ ടണ്ടാ കൂള്‍ കൂളിന്റെയും പരസ്യത്തിലെ മുടി സമ്പന്നന്മാരെ ആ ഫ്രീ ടൈമില്‍ എന്‍റെ തല വെച്ച് സങ്കല്‍പ്പിച്ചു നോക്കി!!!!

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞു....ഒരു സുന്ദരിയായ മലയാളി പെണ്‍കുട്ടി വാതില്‍ തുറന്നു എന്റെ മനോഹരമായ പേര് ഇത്തിരി നാണത്തോടെ ...ഉച്ചത്തില്‍ വിളിച്ചു.....

മൊട്ട തല തടവി....എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പോകുന്ന വിദ്യാര്‍ഥിയെപ്പോലെ ഞാന്‍ തെല്ലു ശങ്കയോടെ അതിലുപരി ആകാംഷയോടെ അകത്തേക്ക് പ്രവേശിച്ചു!!!!

അതാ...കസേരയില്‍ ഇരുന്നു മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ കുറിപ്പടിയില്‍ കുത്തിവരയ്ക്കുന്ന സ്കിന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ."വൈ" !!!!

അദ്ദേഹത്തിന്റെ തല ട്യൂബ് ലൈറ്റ് പ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു !!!! ഈ നൂറ്റാണ്ടില്‍ എങ്ങും ആ ശിരസ്സില്‍ മുടി ഉണ്ടായിരുന്നതിന്റെ തിരു ശേഷിപ്പുകള്‍ ഒന്നും കാണാന്‍ എനിക്ക് സാധിച്ചില്ല!!!

എന്താ മിസ്റ്റര്‍ ,അവിടെ നില്‍ക്കുന്നത്... കടന്നു വരൂ......

മിഴിച്ചു നില്‍ക്കുന്ന എന്നെ നോക്കി അദ്ദേഹം ഗൌരവത്തില്‍ മാടി വിളിച്ചു!!!

പെട്ടന്നുണ്ടായ ഞെട്ടലില്‍ നിന്ന് മുക്തനായ ഞാന്‍ മെല്ലെ അബോധ മനസ്സില്‍ നിന്നും ഒരു അശരീരി പോലെ ചോദിച്ചു ....

ഡോക്ടര്‍ , ഡോക്ടര്‍ തന്നെയാണോ....ഈ മുടി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍."വൈ" .

അതെ എന്ന മറുപടി കിട്ടിയപ്പോ ഞാന്‍ തളത്തില്‍ ദിനേശനെ പോലെ...എന്‍റെ സങ്കടം ഉണര്‍ത്തിച്ചു....

നിമിഷ നേരത്തിനകം അദ്ദേഹം പരിഹാരം കണ്ടുപിടിച്ചു!!!

200 റിയാലിന്റെ ഒരു കുത്തിവെപ്പ്...
ഇത്തിരി വിറ്റാമിന്‍ ഗുളിക..
അല്‍പ്പ സ്വല്‍പ്പം ഷാമ്പൂ , ഇത്തിരി ഹെയര്‍ സ്പ്രേ!!!

ആകെ മൊത്തം ഒരു 700 റിയാലിന്റെ വകുപ്പുണ്ട്!!!>..

താഴെ ഉള്ള മെഡിക്കല്‍ സ്റ്റോറില്‍ മാത്രമേ ഈ മരുന്നുകള്‍ കിട്ടൂ...എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു....

കുത്തിവെപ്പിനുള്ള പണം അടച്ചു വന്നാല്‍ ഇപ്പൊ തന്നെ അത് എടുക്കാമെന്നും....അദ്ദേഹം കൂട്ടി ചേര്‍ക്കാന്‍ മറന്നില്ല!!!!

നന്ദിയും പറഞ്ഞു....കിട്ടിയ കുറിപ്പടി പോക്കറ്റിലുമിട്ട് ....നേഴ്സ് ചേച്ചിയെ ഒന്ന് കണ്ണിറുക്കി കാണിച്ചു പുറത്തേക്കിറങ്ങി.....

ഗര്‍ഭിണിയായ ഭാര്യയെ ലേബര്‍ റൂമില്‍ കയറ്റിയ പോലത്തെ ടെന്‍ഷനില്‍ പുറത്ത് ഉലാത്തി ക്കൊണ്ടിരുന്ന പ്രിയ സുഹൃത്ത് അനസ് ഓടിവന്നു ചോദിച്ചു....

എന്തായളിയാ......

അവനെ നോക്കി ഒരു ഇളിഭ്യ ചിരി ചിരിച്ചു കുറിപ്പടി നാലായി വലിച്ചുകീറി ട്രാഷ് ബാഗില്‍ വിക്ഷേപിക്കുമ്പോള്‍...... വെട്ടി തിളങ്ങുന്ന മുടി സ്പെഷ്യലിസ്ടിന്റെ ചാണക തലയായിരുന്നു എന്‍റെ മനസ്സില്‍!!!!!

എന്നിട്ട് മെല്ലെ അവന്‍റെ ചെവിയില്‍ പറഞ്ഞു....

അളിയാ....വണ്ടിയെടുക്ക്!!! കഷണ്ടിക്ക് മരുന്നില്ലെടെ!!!!

കാക്കയും ഒരു മനുഷ്യനല്ലേ!!


ആയിരത്തി തൊള്ളായിരത്തി അന്ന്!!!

നോം എല്‍.കെ.ജിയില്‍ പഠിക്കുന്ന കാലം!!!

എന്നും രാവിലെ പാവം അമ്മ സ്കൂളില്‍ കൊണ്ട് വന്നു വിട്ടിട്ടു പോകും!!!
ഉച്ച ആകുമ്പോ വീണ്ടും വരും.....പുത്രനു ചോറ് വാരിക്കൊടുക്കാന്‍....ഇല്ലേല്‍ അവന്‍ കഴിക്കൂലാ!!!

ഈ കലാപരിപാടി യു കെ ജിയിലും തുടര്‍ന്നപ്പോള്‍... സ്കൂളിലെ സിസ്റ്റേര്‍സ് അമ്മയെ വിലക്കി!!!
എല്ലാ കുട്ടികളും തനിയെ അല്ലെ കഴിക്കുന്നെ....ഇവന്‍ വല്യ കുട്ടി ആയില്ലേ....ഇനി തന്നെ കഴിച്ചു പഠിക്കട്ടെ.....ലിസി ഇനി ഉച്ചയ്ക്ക് സ്കൂളില്‍ വരണ്ട!!!!
മറ്റുകുട്ടികള്‍ക്കു ഫീല്‍ ചെയ്യുമത്രേ!!!! ഹ്മം!!!

അമ്മയുടെ കയ്യില്‍ നിന്നും വെറുതെ കിട്ടിയിരുന്ന ആ ഓഫര്‍ ലോറെന്‍സെറ്റാ സിസ്റ്ററും സുമ ടീച്ചറും ചേര്‍ന്ന് കലക്കി!!!
അവരോടു ആ യു.കെ.ജിക്കാരന് അപ്പോള്‍ തോന്നിയ ദേഷ്യം നിങ്ങള്‍ക്കൊന്നും പറഞ്ഞാ മനസ്സിലാവൂല കുട്ടികളെ...മനസ്സിലാവൂല

അങ്ങനെ പിറ്റെ ദിവസം മുതല്‍ നോം ഒറ്റയ്ക്ക് "ലഞ്ചു" വാന്‍ തുടങ്ങി!!!

എന്നും വൈകുന്നേരം വിളിക്കാന്‍ വരുമ്പോ അമ്മ ആദ്യം ടിഫിന്‍ ബോക്സ് പരിശോധിക്കും.....

അപ്പൊള്‍ ആ മുഖം പ്രകാശിക്കുന്നത് കാണാം....

നല്ല കുട്ടി....അമ്മേടെ മോന്‍ മുഴുവന്‍ കഴിച്ചല്ലോ!!!!

ആ വകയില്‍ സ്ഥിരം "ഫൈവ് സ്റ്റാര്‍" മാര്‍ക്കോസ് ചേട്ടന്റെ കടയില്‍ നിന്നും വാങ്ങി തരാറുള്ളതും ഓര്‍മ്മയില്‍ മഞ്ഞപിടിച്ചിങ്ങനെ നില്‍ക്കുന്നു!!!

അങ്ങനെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ നടന്നു പോകവേ.......അവിചാരിതമായി ഒരു ദിവസം ലിസിയാമ്മ ഉച്ചസമയത്ത് വേറെ ഏതോ ആവശ്യത്തിനു സ്കൂളില്‍ വന്നു!!!!

കുട്ടികള്‍ എല്ലാവരും പള്ളി മുറ്റത്തുള്ള സ്റ്റേജില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കാറ്!!!

മകന്‍ ഒറ്റയ്ക്ക് ചോറ് വാരി കഴിക്കുന്ന ആ നയന മനോഹരമായ കാഴ്ച കാണാന്‍ എന്‍റെ പ്രിയ മാതാശ്രീ പതിയെ പതിയെ ഞാന്‍ കാണാതെ പുറകില്‍ വന്നു നോക്കി!!!

അപ്പോള്‍ കണ്ട കാഴ്ച!!!

മകന് ചുറ്റും നല്ല ചേലുള്ള കരിങ്കാക്കകള്‍!!!!





തന്റെ ചോറ്റുപാത്രത്തിലെ ഭക്ഷണം .... എല്ലാ കാക്ക സഹോദരി/സഹോദരന്മാര്‍ക്കും കൂടി വീതിച്ചു കൊടുക്കുകയാണ് അമ്മേടെ പൊന്നുമോന്‍....

ട്ടപ്പേ!!!

പേടിക്കണ്ട.....ആ സ്നേഹമയി എന്നെ തല്ലിയ ശബ്ദമാ കേട്ടത്....

എന്താടാ നീയീ കാണിക്കുന്നതു???

അത് അമ്മെ....കാക്കയ്ക്കും ഇല്ലേ വിശപ്പ്‌...അതും ഒരു മനുഷ്യനല്ലേ....നമ്മള്‍ കൊടുത്തില്ലേല്‍ പിന്നെ അവര്‍ക്കാരാ ഭക്ഷണം കൊടുക്കുക!!!

എന്‍റെ ആ ചോദ്യത്തില്‍ അല്‍പ്പം പതറിയെങ്കിലും അമ്മ വീണ്ടും ചോദിച്ചു...... അതിനു നീ കഴിക്കാതെ വേണോ അവറ്റകള്‍ക്ക് കൊടുക്കാന്‍......

അതൊക്കെ പോട്ടെ.....ഇതില്‍ വച്ചിരുന്ന മുട്ട എവിടെ?...അതേലും തിന്നോ....കുട്ടിഗാന്ധി ?

അമ്മയുടെ അറിവില്ലായ്മയെ ഓര്‍ത്തു സ്വയം ലജ്ജിച്ചു...ഞാന്‍ ചോദിച്ചു.....

മണ്ടീ....അമ്മെ..... കാക്കകള്‍ എങ്ങനാ പച്ചചോറ് തിന്നുന്നെ?.....അമ്മ തിന്നാറുണ്ടോ....പച്ച ചോറ്?..... അതോണ്ട് ഞാന്‍ ആ മുട്ടേം അവര്‍ക്ക് കൊടുത്തു!!!!!

ആ പാവം അമ്മയുടെ മുഖത്ത് അപ്പൊ നിഴലിച്ച ഭാവം...... അതെന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും മനസ്സിയായിട്ടില്ല!!!

ഇതെല്ലാം കണ്ടോണ്ടു വന്ന സുമ ടീച്ചര്‍....സംഘര്‍ഷാവസ്ഥ തണുപ്പിക്കാന്‍ എന്നോണം ...അമ്മയോട് പറഞ്ഞു......ലിസി നാളെ മുതല്‍ ഉച്ചക്ക് ചോറ് കൊടുക്കാന്‍ വന്നോളൂട്ടോ......സിസ്റ്റര്‍നോടു ഞാന്‍ പറഞ്ഞോളാം!!!!

[[ ഇന്നിവിടെ ...ഇപ്പൊ രണ്ടായിരത്തി പതിമൂന്നാം ആണ്ടില്‍.....സൗദി അറേബ്യയില്‍ ....... ഭക്ഷണം വെക്കാനുള്ള മടി കാരണം ഹോട്ടലിലെ ഭക്ഷണം കഴിക്കുമ്പോ....അറിയാതെ ആ കാലം ഒക്കെ ഓര്‍മ്മ വന്നു.....

ആ മുട്ട പോരിച്ചതിന്റെം ചോറിന്റെം ഒക്കെ സ്വാദ്.. ഈ മോര്‍ച്ചറിയില്‍ വെച്ച ചിക്കന്‍ പൊരിച്ചതിനും .... മട്ടന്‍ ബിര്യാണിക്കും ഒക്കെ കിട്ടുമോ? ]]

Saturday, 27 October 2012

പടം കഴിഞ്ഞിട്ടും..ശ്രീദേവി വന്നില്ല :(


           ഒരു ബ്ലോഗ്‌ തുടങ്ങി എന്നല്ലാതെ.....ഇതുവരെ ഒന്നും പോസ്ടാതിരുന്ന ഈയുള്ളവന്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിരണം എന്നുണ്ടെങ്കില്‍ അതിനു തക്കതായ കാരണം ഉണ്ടാവണമല്ലോ.......

           അതെ....എന്റെ രണ്ടു പ്രിയ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്ക് തീര്‍ക്കാനാണ് ഈ ..പടപ്പുറപ്പാട്....

     രണ്ടാളും ബ്ലോഗെഴുത്തില്‍ പ്രശസ്തരാണ്.... ഇരുവരുടെയും ഒരു നല്ല സുഹൃത്താവാന്‍ കഴിഞ്ഞത് ഈയുള്ളവന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്...പക്ഷെ...രണ്ടു പേര്‍ക്കും ഒരു ദുശീലം ഉണ്ട്..കടുത്ത സിനിമാ പ്രേമികളാണ് രണ്ടാളും......കണ്ട സിനിമകളെ കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യുകയും പതിവാണ്.......ഇന്ത്യന്‍ സിനിമയിലെ മാറി വരുന്ന ട്രെന്‍ഡുകള്‍...അത് യുവാക്കളെ എങ്ങനെ സ്വാധീനിക്കുന്നു....തുടങ്ങിയ കാര്യങ്ങളില്‍ ഈ ഉള്ളവനോടും...((യുവാവായത് കൊണ്ടാവാം))  അഭിപ്രായം ആരായാരുണ്ട്....           
       
       നമ്മുടെ കഥയിലെ വില്ലന്‍ (വില്ലത്തി) ആരാന്നറിയോ?... ശ്രീദേവി.....അതെ.......ഒരുകാലത്ത് ഇന്ത്യന്‍ സിനിമയുടെ സ്പന്ദനം ആയിരുന്ന നായിക ശ്രീദേവി തന്നെ!!!!!                                             

      ഒരാഴ്ച മുന്‍പ്‌......രണ്ടാളും പതിവ് പോലെ....സിനിമാ നിരൂപണം നടത്തുന്നതിനിടയില്‍ പുതിയ ഒരു ഹിന്ദി ഫിലിം വന്നു പെട്ടു....മേല്‍പ്പറഞ്ഞ നമ്മുടെ (കഥയിലെ) വില്ലത്തി ശ്രീദേവിയുടെ രണ്ടാം വരവിനാല്‍ പ്രശസ്തി ആര്‍ജിച്ച “ഇംഗ്ലീഷ് വിന്ഗ്ലീഷ്‌”.

     ഇത്രയും പറഞ്ഞപ്പോഴാ ഓര്‍ത്തെ.....നമ്മുടെ നായകന്മാര്‍ ആരാന്നു പറഞ്ഞില്ലല്ലോ......ആ....അതല്പ്പം സസ്പെന്‍സില്‍ കിടക്കട്ടെ.....തല്ക്കാലം നമുക്ക് അവരെ രതീഷ്‌ എന്നും സുബൈര്‍ എന്നും വിളിക്കാം....ന്തേ?...

     ഗതികേടിനു സുബൈര്‍ ആ പടം കണ്ടിട്ടില്ലായിരുന്നു....രതീഷ്‌ കിട്ടിയ അവസരം മുതലെടുത്തു....ശ്രീദേവിയുടെ രണ്ടാം വരവിനെ പറ്റിയും....ഈ ഫിലിം നമ്മുടെ സമൂഹത്തില്‍ എന്തൊക്കെ മാറ്റം വരുത്താന്‍ സാധ്യത ഉണ്ടെന്നുമെല്ലാം....സുബൈറിനെ പറഞ്ഞു മനസ്സിലാക്കിച്ചു....ഇത് കേട്ട് കേട്ട് ആവേശം മൂത്ത...ടിയാന്‍..ഉടന്‍ തന്നെ യൂടൂബില്‍ കയറി ശ്രീദേവിയെ മനസ്സില്‍ ധ്യാനിച്ച്‌ പടം സെര്‍ച്ച്‌ ചെയ്തു...അപ്പൊ തന്നെ മനസ്സില്‍ ലഡു പൊട്ടി.....ദാ കിടക്കുന്നു....ഒരു രണ്ടര മണിക്കൂര്‍ ഫുള്‍ മൂവീ......”ഇന്ഗ്ലീഷ്‌ വിന്ഗ്ലീഷ്‌”..

    അപ്പോള്‍ സമയം....ഏകദേശം രാത്രി ഒരു മണി...കടുത്ത ശ്രീദേവി ആരാധകനായ നമ്മുടെ നായകന്‍ നാളെ ഓഫീസ്‌ ഉണ്ടെന്നുള്ളതും...മറന്നു പടം കാണാന്‍ തുടങ്ങി....ജിജ്ഞാസ കാരണം....ടൈറ്റില്‍ എഴുതി കാണിച്ചിരുന്ന ഭാഗം ഒക്കെ ഓടിചോടിച്ചു വിട്ടിരുന്നു....അങ്ങനെ പടം തുടങ്ങി......

പത്തു മിനിട്ടായി      :  ശ്രീദേവി വന്നില്ല
:( 

അരമണിക്കൂര്‍ കഴിഞ്ഞു :  ശ്രീദേവി വന്നില്ല 
:(

ക്ഷമ നശിച്ചു ബി.പി കൂടിയ  നായകന്‍ ഇത്തിരി ടെന്‍ഷന്‍ മാറ്റാന്‍ വേണ്ടി ഒരു സുലൈമാനി എടുത്തു വീണ്ടും വന്നിരുന്നു..

      പടം തുടങ്ങിയിട്ട് ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു....അതായത്‌ ഇന്റര്‍വെല്‍ സമയം ആയെന്നു...പക്ഷെ ശ്രീദേവി വന്നില്ല :( 

    നായകന്റെ മനസ്സ് ചിന്തകളാല്‍ കലുഷിതമായി....എന്നാലും രതീഷ്‌ എന്നോട് എന്തുകൊണ്ട് ഇങ്ങനെ ചെയ്തു...താന്‍ ഒരു കടുത്ത ശ്രീദേവി ഫാന്‍ ആയിരുന്നു എന്ന് മനസ്സിലാക്കി  ഒന്ന് ആക്കാന്‍ വേണ്ടി ചെയ്തതാണോ?....അതോ അവനെക്കാളും ഞാന്‍ നന്നായി എഴുതുന്നു എന്ന് മറ്റുള്ളവര്‍ പറയുന്നതില്‍ അസൂയ പൂണ്ടു ഒരു പണി തന്നതാണോ?.......?

    ഏയ്.....ഇന്റര്‍വെല്‍ ആയതല്ലേ ഉള്ളു......ശ്രീദേവി വരുമായിരിക്കും...ചിന്തകള്‍ക്ക് നേരിയ വിരാമം ഇട്ടു വീണ്ടും സിനിമയിലേക്ക്..പടം കഴിയാറായി ....ശ്രീദേവി പോയിട്ട് ഹേമമാലിനി പോലും വന്നില്ല....സുബൈറിന്റെ കണ്ണുകള്‍ ചുവന്നു ((ഉറക്കം തൂങ്ങി അല്ല.....ദേഷ്യത്താല്‍)) ,ചുണ്ടുകള്‍ വിറച്ചു.. ((തണുത്തിട്ടല്ല...ക്രോധത്താല്‍..))

      ഇനി മുതല്‍....ഗ്രൂപ്പില്‍ ഇടുന്ന ഒരു മത്സരത്തിനും അവന്റെ കമന്റുകള്‍ക്ക് ലൈക്‌ ഇടില്ലെന്നു മനസ്സാ ഉറപ്പിച്ചു.....ഉറങ്ങാന്‍ കിടന്നു...
എവിടെ.....രോഷം മനസ്സില്‍ കിടന്നു തിരതല്ലുന്നു.....അവന്റെ ബ്ലോഗ്‌ എടുത്തു രണ്ടു തെറി കമന്റുകള്‍ എഴുതിയാലോ?..ഏയ്....ശേരിയാവില്ല..
ബ്ലോഗുലകത്തില്‍ തന്റെ പേര്...ചീത്തയായാലോ..ഒരു അനോണി ആയിരുന്നെങ്കില്‍ കുഴപ്പം ഇല്ലായിരുന്നു...ഇത് സ്വന്തം പേരായി പോയി...

       രണ്ടും കല്‍പ്പിച്ചു സുബൈര്‍ ഫോണ്‍ എടുത്തു...രതീഷിന്റെ നമ്പര്‍ കറക്കി..ട്രിംഗ്...ട്രിംഗ്.....രതീഷ്‌ ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു.....രതീഷ്‌ ജിവിതത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത തെറികള്‍ (വെജ്ജും നോണ്‍-വെജ്ജും ഉള്‍പ്പെടും))  സുബൈര്‍ വിളിച്ചു...
രതീഷിനു തെറിവിളിയുടെ കാരണമൊന്നും പിടികിട്ടിയില്ലെങ്കിലും വിട്ടുകൊടുക്കാന്‍  പറ്റുമോ....ഒന്നുമല്ലേലും താനും അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ അല്ലെ....വിളിച്ചു തനി നാടന്‍ ഏനാത്ത്‌ സ്ടയിലില്‍ നാലു തെറി...അങ്ങനെ....സുബൈറിന്റെ ബാലന്‍സ്‌ തീരുന്നത് വരെ കലാപരിപാടി തുടര്‍ന്നു.....ഡിം.......ഒരു മനോഹരമായ ഫ്രണ്ട്ഷിപ്പ് അങ്ങനെ ശ്രീദേവി കാരണം തകര്‍ന്നു തരിപ്പണമായി...

     ഈ വിവരം...യുവ ബ്ലോഗര്‍ ആയ റോബിന്‍ മുഖേന അറിഞ്ഞ ഈയുള്ളവന്‍...കാരണം അറിയാന്‍ വേണ്ടി....സുബൈറിക്കയെ സമീപിച്ചു...അപ്പോഴാണ്‌....അദ്ദേഹം സംഭവിച്ചതെല്ലാം പറഞ്ഞത്...

   ഞാനൊന്നു ഞെട്ടി.....ങേ!!!......ഞാന്‍ കണ്ട ഇന്ഗ്ലീഷ്‌ വിന്ഗ്ലീഷില്‍ ശ്രീദേവി ഉണ്ടല്ലോ....പിന്നെങ്ങനെ സുബൈറിക്ക കണ്ടതില്‍ ഇല്ലാതെ വരും....ഇനി സൗദിക്കും കുവൈറ്റിനും രണ്ടു പ്രിന്റ്‌ ആണോ....ഹേയ് അങ്ങനെ വരുമോ....ഞങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കമായി....അവസാനം....സുബൈര്‍ക്ക എന്റെ ചാറ്റ് ബോക്സില്‍ അത് കൊണ്ടിട്ടു....ന്താന്നല്ലേ....ലിങ്ക്....ലിങ്ക്...ലിങ്ക്......ആരും ഓടണ്ട...ബ്ലോഗ്‌ ലിങ്കല്ല....ഇന്ഗ്ലീഷ്‌ വിന്ഗ്ലീഷ്‌ ന്റെ യൂടൂബ്  ലിങ്ക്...
ഇത്രയേറെ പ്രശ്നക്കാരനായ ആ ലിങ്ക് ഞാനിതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...

http://www.youtube.com/watch?v=wrZ6Y7iCvjQ

ഞാന്‍ തെല്ലു ശങ്കയോടെ ലിങ്കിന്റെ പിന്നാലെ പോയി....
English Vinglish Full Movie 2012…

 
തലക്കെട്ട്‌ വായിച്ചു...സംഭവം അത് തന്നെ...പടം കാണാന്‍ തുടങ്ങി.....സുബൈര്‍ക്ക പറഞ്ഞത് ശെരിയാ....അതില്‍ ശ്രീദേവി ഇല്ല....ഇത് ഞാന്‍ കണ്ട പടമേ അല്ല.....എന്നിലെ കുറ്റാന്വേഷകന്‍ ഉണര്‍ന്നു  (ചെറുപ്പം മുതലേ മമ്മൂട്ടിയുടെ സി.ബി.ഐ സീരീസ്‌ കാണുമായിരുന്നു)...
പടം ആദ്യം മുതല്‍ സസൂക്ഷ്മം നീരീക്ഷിച്ചു....പടത്തിന്‍റെ ടൈറ്റില്‍ എഴുതുന്ന മഞ്ഞ പേജ് എത്തി...ഫിലിമിന്റെ പേര് വായിച്ചു..

“ചോടോ കല്‍ കീ ബാത്തെയ്ന്‍”...

ഞാനൊന്നു ഞെട്ടി.....അപ്പൊ ഇന്ഗ്ലീഷ്‌ വിന്ഗ്ലീഷ്‌ എന്നും പറഞ്ഞു സുബൈര്‍ക്കാ രണ്ടു രണ്ടര മണിക്കൂര്‍ ഇരുന്നു കണ്ടത് ...”ചോടോ കല്‍ കീ ബാത്തെയ്ന്‍ ആയിരുന്നു...അതില്‍ ശ്രീദേവി വരാത്തതില്‍ രതീഷ്‌നു പങ്കൊന്നും ഇല്ല.....യൂടൂബില്‍ സിനിമ അപ്ലോഡ് ചെയ്ത വിരുതന്മാര്‍ പറ്റിച്ച പണി.....എന്നിലെ ക്രൂരന്‍ ഉണര്‍ന്നു...സുബൈര്‍ക്കയെ കളിയാക്കാന്‍ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു....പാവം....ആകെ വിജ്രംഭിച്ചു പോയി...തന്റെ പ്രിയ സ്നേഹിതനെ....താന്‍...... എന്തൊരു വിഡ്ഢിയാണ്...ഛെ.......ഇനി എങ്ങനെ രതീഷിന്റെ മുഖത്ത് നോക്കും....ഒന്ന് സോറി പറയണം എന്നുണ്ട്....പക്ഷെ അവന്‍ കേട്ട് നില്‍ക്കുമോ?.....അതിനും മാത്രം തെറി അവനെ വിളിച്ചില്ലേ?...:(  ...നെഞ്ച് തകര്‍ന്ന സുബൈര്‍ക്ക ഇതെന്നോട് പറഞ്ഞു....എനിക്ക് എന്‍റെ സുഹൃത്തിനെ തിരികെ വേണം....ശ്രീദേവി പോയി പണി നോക്കട്ടെ..എനിക്കെന്റെ രതീഷാ വലുത്.....നീയൊന്നു അവനോടു പറ....എനിക്ക്  ഫേസ് ചെയ്യാന്‍ പേടിയാ....ഗ്രൂപ്പില്‍ അവന്‍ കഴിഞ്ഞ ആഴ്ച മത്സരതിനിട്ട ഹൈക്കു ഞാന്‍ ലൈക്‌ ചെയ്തിട്ടില...അതിന്റെ ദേഷ്യവും കാണും....എന്നെ ലിബി ഒന്ന് സഹായിച്ചേ പറ്റൂ.......

    അതെ....സുഹൃത്തുക്കളെ.....ആ അപേക്ഷയാണ് എന്നെ വീണ്ടും ബ്ലോഗിലേക്ക് വിട്ടത്....രതീഷേട്ടാ....ക്ഷമിക്കൂ....നമ്മുടെ സുബൈര്‍ക്കയ്ക്ക് ഒരു അമളി പറ്റിയതല്ലേ....നിങ്ങള്‍ രണ്ടാളും വീണ്ടും ഒന്നിക്കണം....പഴയപോലെ....
സുബൈര്‍ക്കയ്ക്ക് നല്ല കുറ്റബോധം  ഉണ്ട് പോരാത്തതിന് ചമ്മലും ...അതാ നേരിട്ട് പറയാതെ ....എന്നെ ഈ കര്‍ത്തവ്യം ഏല്‍പ്പിച്ചത്....എന്നെ പോലെ....ഇത് വായിക്കുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ടാവും.....നിങ്ങള്‍ വീണ്ടും ഒന്നിക്കണം എന്ന്....

       “നല്ല സുഹൃത്ത്‌ ബന്ധങ്ങള്‍ തകരാതിരിക്കട്ടെ...എന്തിന്റെ പേരിലാണെങ്കിലും”


(( ആ പിന്നെ.....ഈ കഥയിലെ രതീഷും സുബൈറും ആരാന്നു എന്നോട് ചോതിക്കണ്ട കേട്ടോ.....ഞാന്‍ പറയില്ല....നിങ്ങള്‍ കണ്ടു പിടിചോളീ....:)  ))


Tuesday, 17 January 2012

ബ്ലോഗാത്മാവിനു ലിബിയുടെ വാക്ക്.......((ദൈവമേ കാതോല്നെ))


എടാ ബ്ലോഗാത്മാവേ....ഇവിടെ വാടാ....

നീ എന്നെ മാലോകരുടെ മുന്നില്‍ കരിവാരി തേയ്ക്കാന്‍ ശ്രമിക്കുകയാനല്ലേ....ദുഷ്ടാ...
നിനക്കറിയാലോ ഇതെനിക്ക് പറ്റിയ ഒരു അബദ്ധം ആണെന്ന്.....എന്നിട്ടും നീ.....

ഹാ പോട്ടെ....നീയല്ലേ....ഞാന്‍ ക്ഷെമിച്ചു....

അല്ലേടാ ഉവ്വേ...നീ എന്നാ പറച്ചിലാ പറഞ്ഞെ....ഞാന്‍ നന്നാവില്ലെന്നോ....ഹും...വെറും അറുപത്തിനാല് കിലോയുമായി നാട്ടില്‍ നിന്ന് ബിമാനം കേറിയ എനിക്കിപ്പോ തൂക്കം എഴുപത്തി ഒന്നായി..(കുബ്ബുസ് ഈസ്‌ ദി സീക്രട്ട് ഓഫ് മൈ തൂക്കം ) ...ഇനിയും നന്നായാല്‍... നാട്ടില്‍ ചെല്ലുമ്പോ വീട്ടുകാര് തിരിച്ചറിയുമോടെ?......

ആ...അത് വിട്.....

ഇന്നലെ നീ പറഞ്ഞിട്ടു...ഞാന്‍ കഥ എഴുതാന്‍ ഇരുന്നു....എന്നിട്ടെന്തായി....വല്ലതും നടന്നോ...അതുമില്ല...ഉറക്കം പോയത് മിച്ചം....ഹോ....എടാ...ചെക്കാ....ഈ ബ്ലോഗൊക്കെ എഴുതുന്നവരെ സമ്മതിക്കണം...അല്ലെ....ഓരോരുത്തരു...മണിക്കൂര്‍ ഇടവിട്ട്‌ പോസ്റ്റും എന്നൊക്കെ അപ്പുറത്തെ കമ്പനിയിലെ ദിവാകരേട്ടന്‍ പറഞ്ഞു....സത്യം പറയാലോ.....എനിക്കിപ്പോ...ബ്ലോ എന്ന് കേള്‍ക്കുമ്പോഴേ...പേടിയാകുവാ.....ഇനി ഞാന്‍ എഴുതുന്നതൊക്കെ വായിച്ചു പുലി ബ്ലോഗന്മാര്‍ എന്നെ കളിയാക്കുമോ...എന്നൊരു ഉള്‍ശങ്ക.....അതുകൊണ്ടാ...ഞാന്‍ ഒന്നും എഴുതാഞ്ഞേ......സത്യം....

നീ എന്‍റെ കൂടെ നില്‍ക്കുമോ...നമുക്ക് ഒന്ന് പയറ്റി നോക്കാം.....നിന്നെ കാണുമ്പോ എനിക്കൊരു ദൈര്യമാ....എന്നോടുള്ള ദേഷ്യം ഒക്കെ മാറ്റി നീ എന്‍റെ കൂടെ നില്‍ക്കു....നമുക്ക് തകര്‍ക്കാം......എന്താ.....നീ നില്‍ക്കില്ലെ?....നില്‍ക്കും എനിക്കറിയാം....എന്നും നീ എന്‍റെ നന്മയല്ലേ ആഗ്രഹിചിട്ടുള്ള്‌ു..... ഞാന്‍ നന്നാവും ഉറപ്പ് ...ഇത് ലിബിയുടെ വാക്കാണ്....

അപ്പൊ....ഞാന്‍ മുന്‍പോട്ടു പൊക്കോട്ടെ ദൈര്യമായിട്ടു?.......ഡേയ്....കാലുവാരെല്ലെടെ...

                                                                        എന്ന് 
                                                                   നിന്‍റെ സ്വന്തം .....

                                                                        ലിബി.........

Monday, 16 January 2012

കുരുത്തം കെട്ടവന്‍



ഹും.....ഒരു ഉത്തരവാദിത്വവും ഇല്ല ചെക്കന്.....ആനയും അമ്പാരിയും....നിലവിളക്കും...വെടിമരുന്നും...എന്തൊക്കെ ആയിരുന്നു...ഒരു ബ്ലോഗ്‌ തുടങ്ങിയപ്പോ....

ഇപ്പൊ എതാണ്ട് രണ്ടു മാസം ആകാറായി....പോസ്റ്റും ഇല്ല....കേബിളും ഇല്ല...എന്തിനു ഇത്തിരി വെളിച്ചം പോലുമില്ല....ഹും...ബ്ലോഗര്‍ ആവാന്‍ വന്നെക്കുന്നു....നിനക്ക് ഫേസ്ബുക്കില്‍ ചളി എറിഞ്ഞു ഇരിക്കാനേ പറഞ്ഞിട്ടുള്ളൂ ലിബി....ഇതൊക്കെ ചെയ്യണേല്‍.... ഇത്തിരി സാഹിത്യാഭിരുചി ഒക്കെ വേണം....ഇത് ചുമ്മാ......എന്തിനാ ഇതിങ്ങനെ ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ ഇട്ടെക്കുന്നെ....ഒന്നുകില്‍ വല്ലതും എഴുതി പോസ്ടണം....അല്ലെ...കണ്ണും അടച്ചു ഡിലീറ്റ് ചെയ്തെക്കണം...ഹും...അവന്റെ ഒരു ബ്ലോഗ്‌..... ,.....

എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോതിക്കുവാ....എടാ ലിബി....നീ നന്നാവുമോ?....അതോ.....

ആ....നിനക്ക് വേണേല്‍ നന്നാവ്.....എനിക്കിത്രയോക്കെയെ പറയാന്‍ പറ്റൂ....


                                                            നിന്റെ സ്വന്തം

                                                                                  ബ്ലോഗാത്മാവ്.......

                                                                                               (ഒപ്പ്))